എ പി കളയ്ക്കാട്; ജീവിതം പോരാട്ടമാക്കിയ കഥാകാരൻ

a p kalaykkad
avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Feb 25, 2025, 03:08 PM | 4 min read

കരുനാഗപ്പള്ളി: "ആദ്യമൊക്കെ അയാൾ നിലവിളിച്ചു പോകുമായിരുന്നു. പിന്നെ അതും വയ്യാതായി. വേദനയുടെ അഗാധതയിൽ എവിടെയോ മരവിപ്പിന്റെ ഒരു തലം. അത് മർദ്ദകരെ കൂടുതൽ രോഷം കൊള്ളിച്ചിരിക്കാം. ബോധത്തിന്റെ വാതിലുകൾ ഓരോന്നായി അടഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഇരുട്ടും വെളിച്ചവും ഇല്ല. അവർ പിന്നെയും മർദ്ദിക്കുകയായിരുന്നോ ?. ഒരു നിശ്ചയവുമില്ല.


പക്ഷേ തന്നെ എന്തിനാണ് പിടിച്ചത്. സംഭവം നടക്കുമ്പോൾ താൻ ലോക്കപ്പിൽ കിടക്കുകയായിരുന്നല്ലോ. പിന്നല്ലേ ജാമ്യത്തിൽ വിട്ടത്.


എവിടെടാ കല്ലച്ച്... എവിടെടാ നേതാക്കന്മാർ ഒളിച്ചിരിക്കുന്നത്..? എല്ലാം പറഞ്ഞോ അല്ലെങ്കിൽ കൊല്ലും നിന്നെ. കഴിഞ്ഞ നാല് ദിവസമായി ചോദ്യംചെയ്യലും മർദ്ദനവും ആയിരുന്നു. മെലിഞ്ഞ നിസ്സഹായനായ ഒരു 18കാരനെ രണ്ട് ബലിഷ്ഠകായർ നിരന്തരമായി മർദ്ദിച്ചാൽ....... പോർക്കലി എന്ന തന്റെ നോവലിലാണ് എ പി കളയ്ക്കാട് താൻ നേരിട്ട കൊടിയ പീഡനങ്ങൾ വിവരിക്കുന്നത്.


ap kalaykkad


...ബോധം കേട്ടപ്പോൾ വലിച്ചിഴച്ച് ലോക്കപ്പിലിട്ടു. അടുത്തിരിക്കുന്ന സഖാവ് കൊലക്കേസ് പ്രതി അല്ലെന്നറിഞ്ഞത് ആശ്വാസമായി. സഖാവേ ഞാൻ യാത്ര പറയുകയാണ് എൻ്റെ അന്ത്യ സന്ദേശം സഖാക്കളെ അറിയിക്കണം എന്ത് ത്യാഗം സഹിച്ചും പാർട്ടി വളരണം. പിന്നെ.. പിന്നെ.. കണ്ഠമിടറി.... അമ്മയെ സമാധാനിപ്പിക്കണം" അത്രയും പറഞ്ഞു തീരും മുൻപ് പോലീസുകാരൻ അകത്തേക്ക് പാഞ്ഞു കയറി വന്നു. കീറപ്പാക്കുപൊക്കും പോലെ അയാളെ തൂക്കി എടുത്തു കൊണ്ടു പോയി. "


1950 ജനുവരി മാസത്തിലെ ഒരു ദിവസമാണ് നോവലിൽ വിവരിക്കുന്നത്. സ്ഥലം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ. അന്ന് മരണത്തെ മുഖാമുഖം കണ്ട അയ്യപ്പൻപിള്ള എന്ന വിദ്യാർത്ഥി പിന്നീട് പ്രശസ്ത എഴുത്തുകാരനായി. എ പി കളയ്ക്കാട് എന്ന പേരിൽ അറിയപ്പെട്ടു. ജയിലിൽ വെച്ച് മരണാസന്നനായപ്പോൾ അവസാന സന്ദേശം എന്നു കരുതി പറഞ്ഞ വാക്കുകൾക്ക് ചെവി കൊടുത്തത് സഖാവ് പി രാമകൃഷ്ണൻ ആയിരുന്നു.


ശൂരനാട് സംഭവത്തിന് ഒരു മാസം മുമ്പ് അവർ പിടികൂടി ലോക്കപ്പിൽ അടച്ചു. എന്നാൽ കേസുമായി ബന്ധമുണ്ടാവില്ലെന്ന് കരുതി അന്ന് ജാമ്യത്തിൽ വിട്ടയച്ചതാണ്. പക്ഷെ വീണ്ടും പിടികൂടി ലോക്കപ്പിലാക്കി. മുതുകുളത്ത് ഒരു വീട്ടിൽ തോപ്പിൽ ഭാസി ഒളിവിൽ താമസിക്കുന്ന വിവരം പോലീസിന് കിട്ടിയതോടെയാണ് ആ കേസ് വരുന്നത്. ഒരു സന്ധ്യ നേരത്ത് പോലീസ് തോപ്പിൽ ഭാസി ഒളിവിൽ കഴിഞ്ഞ വീടു വളഞ്ഞു. കുളത്തിൽ കുളിക്കാൻ പോയിരുന്ന ഭാസി വേലി ചാടി രക്ഷപ്പെട്ടു. ഭാസിയെ കിട്ടിയില്ലെങ്കിലും ഭാസിയുടെ പുസ്തകങ്ങളും സഞ്ചിയും പോലീസിന് കിട്ടി. സഞ്ചിക്കുള്ളിൽ കളയ്ക്കാട്, ഭാസിക്ക് കൈമാറിയ കത്തുകൾ ഉണ്ടായിരുന്നു. ഇതാണ് വീണ്ടും ക്രൂര പീഡനങ്ങൾക്ക് ഇരയാകാൻ കാരണമായിത്തീർന്നത്. ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് പഠിപ്പ് മുടക്കിയതിനും വിദ്യാർത്ഥി നേതാവായ കളയ്ക്കാടിനെ ലോക്കപ്പിൽ അടച്ചിരുന്നു.


ലോക്കപ്പിലും ജയിലിലുമായി നേരിട്ട ക്രൂരതകൾ അതിൻ്റെ ഭീകരത ചോരാതെ പോർക്കലി എന്ന തൻ്റെ കൃതിയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥിയായിരിക്കുമ്പോഴാണ് ഏറ്റവും അധികം മർദ്ദനങ്ങൾ ഏറ്റുവാങ്ങിയത്. കൊല്ലം എസ് എൻ കോളേജിൽ പഠിക്കുമ്പോൾ ഡിറ്റൻഷന് എതിരായ സമരത്തിൽ പങ്കെടുത്തു. എം എൻ കുറിപ്പിനെയും എപിയെയും കോളേജിൽ നിന്നും പുറത്താക്കി. മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാമെന്നായിരുന്നു ഉപാധി. പക്ഷെ വഴങ്ങിയില്ല. അവിടെ പഠനം മുടങ്ങി. അതോടെ പൂർണ്ണമായും പൊതുജീവിതത്തിലേക്ക് ഇറങ്ങി.


1931 ജൂൺ 23ന് കരുനാഗപ്പള്ളി, ആദിനാട്ടെ കളയ്ക്കാട് വീട്ടിൽ കുഞ്ഞൻപിള്ളയുടെയും കൊച്ചുട്ടിയമ്മയുടെയും മകനായി ജനിച്ചു. അയ്യപ്പൻപിള്ള കളയ്ക്കാട് എന്ന എ പി കളയ്ക്കാട് 1948 മുതൽ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി. അക്കാലത്തെ ത്യാഗപൂർണമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ അദ്ദേഹം ആർജ്ജിച്ച അനുഭവങ്ങൾ മണ്ണിൽ പണിയെടുക്കുന്ന പച്ച മനുഷ്യൻ്റെ ജീവിതാനുഭവങ്ങളാക്കി തന്റെ രചനകളിലൂടെ വായനക്കാരിലേക്ക് എത്തിച്ചു.


ദിവാൻ ഭരണത്തിനെതിരായി പൊരുതിവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ച പേട്ട രാജേന്ദ്രന്റെ രക്തസാക്ഷി ദിനത്തിൽ പ്രസംഗിക്കുകയും കവിത ചൊല്ലുകയും ചെയ്തതിന്റെ പേരിൽ സ്കൂളിൽനിന്ന് കളയ്ക്കാടിനെ പുറത്താക്കിയിരുന്നു. തുടർന്ന് ലോക്കപ്പിലുമായി. എസ്എസ്എൽസിക്ക് പ്രൈവറ്റായി പരീക്ഷയെഴുതാനുള്ള അവസരം ഉണ്ടായപ്പോൾ തന്നെ പുറത്താക്കിയ കരുനാഗപ്പള്ളി ഹൈസ്കൂളിൽ പോയി അദ്ദേഹം പരീക്ഷയെഴുതി ഒന്നാം ക്ലാസോടെ ജയിച്ചു. തുടർന്നാണ് കൊല്ലം എസ് എൻ കോളേജിൽ ഇൻ്റർ മീഡിയറ്റിന് ചേരുന്നത്. ഒഎൻവി, തെങ്ങമം ബാലകൃഷ്ണൻ, തിരുനല്ലൂർ കരുണാകരൻ, ഒ മാധവൻ, വെളിയം ഭാർഗവൻ, എം എൻ കുറുപ്പ്, വി സാംബശിവൻ തുടങ്ങിയവരെല്ലാം അക്കാലത്ത് അദ്ദേഹത്തിൻ്റെ സഹപാഠികളായിരുന്നു.


ap kalaykkad writer family


വായനയും എഴുത്തും പഠനവുമായി. മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. കമ്മ്യൂണിസ്റ്റുകാരെ വിവാഹം കഴിക്കാൻ ആരും മടിക്കുന്ന കാലത്ത് രാധമ്മ അദ്ദേഹത്തിൻ്റെ ജീവിതസഖിയായി. അദ്ദേഹത്തിൻ്റെ സുഹൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന എൻ എസിൻ്റെ മുഖ്യ ചുമതലയിൽ ആയിരുന്നു വിവാഹം. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പ്രവർത്തനങ്ങളിലൂടെ സാഹിത്യ, സാംസ്കാരിക രംഗത്ത് നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ ആദ്യകാല സംഘാടകരിൽ പ്രമുഖനായി മാറി.


അച്ഛൻ അനുഭവിക്കേണ്ടിവന്ന ക്രൂരമായ പോലീസ് മർദ്ദനങ്ങളെകുറിച്ചോ പീഡനങ്ങളെകുറിച്ചോ അച്ഛനോ അമ്മയോ ഒരു സമയത്തും മക്കളായ ഞങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് കളയ്ക്കാടിന്റെ മകൾ പ്രീതി ഓർത്തെടുക്കുന്നുണ്ട്. എറണാകുളത്തെ വീട്ടിലിരുന്ന് അവർ അച്ഛൻ്റെ പഴയ ഓർമ്മകൾ പങ്കുവെച്ചു.

ap kalaykkadഎ പി കളയ്ക്കാടിന്റെ മകൾ പ്രീതി


"അച്ഛൻ്റെ മിക്ക കൃതികളും പകർത്തി എഴുതിയിരുന്നത് അമ്മയുടെ മനോഹരമായ കൈപ്പടയിലാണ്. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛന് രോഗബാധ ഉണ്ടായി. ഇടുക്കി എന്ന നോവൽ എഴുതുന്നതിനു വേണ്ടി അച്ഛൻ ഇടുക്കിയിലേക്ക് പോയി ഏറെ നാൾ താമസിച്ചു. ഈ സന്ദർഭത്തിൽ ശരിയായ ഭക്ഷണവും കരുതലും ഇല്ലാതെ പ്രമേഹ രോഗബാധിതനായി. ഇത് തകർന്ന ആരോഗ്യ നിലയെ വല്ലാതെ വഷളാക്കി. വീട്ടിലുള്ളപ്പോൾ എല്ലാ കരുതലുമായി അമ്മ ഒപ്പമുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലേ അമ്മ മരുന്നു പെട്ടി ചുമക്കാൻ തുടങ്ങിയതാണെന്ന് പലരും തമാശയ്ക്ക് പറയുമായിരുന്നു". .. ഏറ്റുവാങ്ങിയ മർദ്ദനങ്ങളുടെ ഫലമായിരുന്നു നിരന്തര ചികിത്സകൾ.


കവിതയിൽ ആയിരുന്നു കളയ്ക്കാടിന്റെ സാഹിത്യ രംഗത്തെ പ്രവേശനം. അമ്മയും മകനും ആണ് ആദ്യം പ്രസിദ്ധീകരിച്ച കവിത. വിദ്യാഭ്യാസകാലത്ത് നിരവധി കഥകൾ എഴുതി. ജനയുഗത്തിൽ പ്രസിദ്ധീകരിച്ച 'ചിതലെടുത്ത നാമ്പുകൾ' ആണ് ആദ്യം പ്രസിദ്ധീകരിച്ച കൃതി. 1952-ൽ ആദ്യ നോവൽ 'വെളിച്ചം കിട്ടി' എഴുതി. 1976 ആണ് ആദ്യ ചെറുകഥാസമാഹാരം പുറത്തുവരുന്നത്. സമാഹരിക്കപ്പെടാത്ത നിരവധി ചെറുകഥകൾ വേറെയുമുണ്ട്. ഓണാട്ടുകര പ്രദേശത്തെ തൊഴിലാളി വർഗ്ഗ സമരം പശ്ചാത്തലമാക്കി 1975 ൽ പുറത്തിറങ്ങിയ 'സംക്രാന്തി ", ജലവൈദ്യുതി കേന്ദ്രമായ ഇടുക്കിയുടെ ഇതിഹാസമായി മാറിയ 1980 ൽ എഴുതിയ 'ഇടുക്കി '', ശൂരനാട് സമരത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച് 1990 ൽ രമിച്ച 'പോർക്കലി' 1991ൽ എഴുതിയ അഗ്നിഹോത്രം എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന നോവലുകളായി പുറത്തിറങ്ങിയത്.


'സംക്രാന്തി' വി സാംബശിവൻ കഥാപ്രസംഗമായി പിന്നീട് ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ച് ജനഹൃദയങ്ങൾ കീഴടക്കി. സാധാരണ മനുഷ്യന്റെ ജീവിത വികാരങ്ങളെ അസാധാരണമായ ബിംബ കൽപ്പനകളിലൂടെ വായനക്കാരന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രചനാ ശൈലിയായിരുന്നു അദ്ദേഹത്തിൻ്റെത്.അതുകൊണ്ടുതന്നെയാണ് "മധ്യ തിരുവിതാംകൂർ പ്രദേശത്ത് നാട്ടിൻപുറങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ഇതിഹാസങ്ങളുടെ കർത്താവാണ് കളയ്ക്കാട് എന്ന് ഇഎംഎസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.


സായുധസമരത്തിന്റെ ഇതിഹാസം എന്ന പേരിൽ വിയറ്റ്നാം പോരാട്ടത്തെ കുറിച്ചുള്ള ലേഖനങ്ങളും, ശൂരനാട് സംഭവത്തെക്കുറിച്ചുള്ള ലേഖന പരമ്പര ദേശാഭിമാനി വാരികയിലും പ്രസിദ്ധീകരിച്ചു. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സംസ്ഥാന നിർവാഹക സമിതി അംഗം, പുകസ ജില്ലാ പ്രസിഡന്റ്, സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.


kalaykkad vayanasala

ക്രൂരമായ പോലീസ് മർദ്ദനങ്ങളും ജയിൽവാസവും എല്ലാം അദ്ദേഹത്തെ പലവിധ രോഗങ്ങളുടെ പിടിയിലാക്കി. ഭാര്യ രാധമ്മയുടെ പരിചരണമാണ് ആരോഗ്യത്തിലേക്ക് തിരികെയെത്താൻ അദ്ദേഹത്തെ സഹായിച്ചത്. 1993 ഫെബ്രുവരി എട്ടിന് 62-ാമത്തെ വയസിൽ അന്തരിച്ചു. എസ്ബിഐയിൽ ജീവനക്കാരിയായിരുന്ന പ്രീതി, ബോംബെയിൽ കോളേജ് അധ്യാപകനായ ശ്രീകാന്ത് എന്നിവരാണ് മക്കൾ. മുൻ എംഎൽഎ എസ് ഗോവിന്ദക്കുറുപ്പ് കളയ്ക്കാടിന്റെ സഹോദരി ജഗദമ്മയുടെ ഭർത്താവാണ്. എ പി കളയ്ക്കാടിന്റെ സ്മരണ നിലനിർത്താൻ പുകസ മുൻകൈ എടുത്ത് കളയ്ക്കാട് ട്രസ്റ്റ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആദിനാട് കുടുംബ വീടിനോട് ചേർന്ന് അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home