അയിത്തത്തെ തള്ളിയ ചരിത്ര പ്രഖ്യാപനം

എം അനിൽ
Published on Feb 24, 2025, 01:21 AM | 2 min read
കൊല്ലം : ‘അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു’ –- ചരിത്രപ്രസിദ്ധമായ ഈ പ്രഖ്യാപനം നടത്തിയത് ആര്? എവിടെവച്ച്? എന്ന്?...ഈ ചോദ്യം പബ്ലിക് സർവീസ് കമീഷൻ പലപ്പോഴും ഉദ്യോഗാർഥികളോട് പലതരത്തിൽ മാറിയും തിരിഞ്ഞും ചോദിച്ചിട്ടുള്ളതാണ്. ചട്ടമ്പിസ്വാമികൾ 1907ൽ ശാസ്‌താംകോട്ടയിൽ നടത്തിയ പ്രഖ്യാപനമാണിത്. ഈ ഉത്തരമെഴുതിയവരും എഴുതാത്തവരുമുണ്ടാവാം.
അക്കാലത്ത് നാട്ടിൽ നിലനിന്നിരുന്ന ഇരുളടഞ്ഞ സാമൂഹ്യഅവസ്ഥയ്‌ക്കെതിരെ വിരൽചൂണ്ടുന്നതായിരുന്നു എക്കാലത്തെയും ചരിത്രത്തിന്റെ ഭാഗമായ ചട്ടമ്പിസ്വാമികളുടെ മഹത്തായ പ്രഖ്യാപനം. ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന കടച്ചിക്കാട്ട് നാരായണപിള്ള എഴുതിയ ചട്ടമ്പിസ്വാമി പ്രണാമം എന്ന കാവ്യത്തിലും ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരക ഗ്രന്ഥത്തിലെ ലേഖനത്തിലും ശാസ്താംകോട്ടയിലെ അയിത്തോച്ചാടന പ്രഖ്യാപനത്തെക്കുറിച്ച് പറയുന്നുണ്ട്.
പ്രസ്തുത സംഭവത്തിന് ദൃക്സാക്ഷി കൂടിയായിരുന്നു കടച്ചിക്കാട്ട് നാരായണപിള്ള. ഒരു പ്രഭാതത്തിൽ ആയിരുന്നു ആ യാത്ര. വള്ളികുന്നത്തുനിന്ന് ശാസ്‌താംകോട്ട തടാക തീരത്തുള്ള ശ്രീധർമ ശാസ്‌താ ക്ഷേത്രത്തിലേക്ക് ചട്ടമ്പിസ്വാമികൾ വരികയായിരുന്നു. നീലകണ്ഠതീർഥപാദരും മറ്റു ശിഷ്യന്മാരും ഒപ്പമുണ്ടായി. ശാസ്താംകോട്ട അടുക്കാറായപ്പോൾ അധസ്ഥിതനായ ഒരു യുവാവ് യാത്രാസംഘത്തിനെതിരെ വന്നു. അപ്പോൾ, സ്വാമിക്കൊപ്പമുണ്ടായിരുന്ന ചിലർ ഹോയ്, ഹോയ് എന്നു ശബ്ദമുണ്ടാക്കി വഴി യാത്രാക്കാരനെ ആട്ടിയകറ്റാൻ ശ്രമിച്ചു. ഇതിനെതിരെ ഉടൻ പ്രതികരിച്ചുകൊണ്ടാണ് ചട്ടമ്പിസ്വാമികൾ ചരിത്ര പ്രഖ്യാപനം നടത്തിയത്. ‘മനുഷ്യനും മനുഷ്യനും തമ്മിൽ എന്തു വ്യത്യാസം, അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അത് സംഭവിച്ചേ തീരൂ’ എന്ന് ഒപ്പമുണ്ടായിരുന്നവരോടും സ്വാമിയെകണ്ട് അടുത്തുകൂടിയവരോടുമായി ഉറക്കെപ്പറഞ്ഞു. പ്രതികരിച്ചു എന്നുമാത്രമല്ല, എതിരേവന്ന സാധു മനുഷ്യന്റെ കൈപിടിച്ച് സ്വാമികൾ ഒപ്പം മുന്നോട്ട് നടത്തിക്കുകയുംചെയ്‌തു. പിന്നീട് ശാസ്താംകോട്ടയിലെ ആൽത്തറയിലിരുന്നും അയിത്തത്തിനെതിരെ സ്വാമികൾ പ്രതികരിച്ചു.
അയിത്തത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ചട്ടമ്പിസ്വാമികൾ വിമർശിച്ചത്. ഈ അനൗപചാരിക പ്രസംഗമാണ് ശാസ്താംകോട്ട അയിത്തോച്ചാടന പ്രഖ്യാപനമായി അറിയപ്പെട്ടതും ചരിത്രത്തിൽ രേഖപ്പെടുത്തിയതും.
സമൂഹത്തിൽ വലിയ ചലനങ്ങൾക്ക് ഇടയാക്കിയ ചട്ടമ്പിസ്വാമികളുടെ അയിത്തോച്ചാടന പ്രഖ്യാപനം പലരുടെയും കണ്ണുതുറപ്പിച്ചു. അത് സാമൂഹ്യ അനീതിക്കെതിരായ പോരാട്ടങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും ഇന്ധനമാകുകയുംചെയ്‌തു. വള്ളിക്കുന്നം ആറമ്പിൽ തറവാട്ടിൽ പന്ത്രണ്ടു വർഷക്കാലം നിത്യ സന്ദർശകനായിരുന്നു ചട്ടമ്പിസ്വാമികൾ.
ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കുടുംബങ്ങളിൽ വിശ്രമിച്ച് അവിടെയെത്തുന്ന സന്ദർശകർക്ക് ബോധനം നൽകിയിരുന്ന സ്വാമികൾ സൗഹൃദങ്ങളിലൂടെയാണ് അറിവിന്റെ നവോത്ഥാനത്തിന് വഴിതെളിച്ചത്. ശിഷ്യർക്കും ഭക്തർക്കുമൊപ്പമായിരുന്നു ചട്ടമ്പിസ്വാമികളുടെ യാത്ര. 1853 ആഗസ്‌ത് 25ന് തിരുവനന്തപുരത്ത് കണ്ണന്മൂലയിലാണ് ചട്ടമ്പിസ്വാമികൾ ജനിച്ചത്. ആധാരമെഴുത്തുകാരൻ, സെക്രട്ടറിയറ്റിൽ അക്കൗണ്ടന്റ് എന്നീ ജോലികൾചെയ്‌തു. തുടർന്ന് സകലകലകളിലും ശാസ്‌ത്രങ്ങളിലും അവഗാഹംനേടി സർവജ്ഞാനിയായി മാറി.









0 comments