അനിശ്ചിതത്വം നീങ്ങി; ആക്സിയം-4 ദൗത്യ സംഘം 14ന് തിരിക്കും

ഫ്ലോറിഡ: ആക്സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിങ്കളാഴ്ച പുറപ്പെടും. മുൻ നിശ്ചയിച്ചിരുന്നതിലും നാല് ദിവസം വൈകിയാണ് മടക്കം. ഇതോടെ ദൗത്യകാലാവധി 18 ദിവസമാകും. നാസ ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ബഹിരാകാശ നിലയത്തിലേക്ക് ക്രൂ 11 മിഷന്റെ വിക്ഷേപണത്തെക്കുറിച്ച് സംസാരിക്കവേയാണ് നാസ ആക്സിയം-4 ദൗത്യ സംഘത്തിന്റെ മടക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈ 31 നാണ് ക്രൂ 11 മിഷന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ആദ്യം ആക്സിയം-4 മിഷൻ അൺഡോക്ക് ചെയ്യണം. ആക്സിയം-4 ദൗത്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് നാസ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.
ജൂലൈ 14 ന് ഇന്ത്യൻ സമയം വൈകുന്നേരം 4.35 നാണ് ഭൂമിയിലേക്ക് ദൗത്യസംഘം പുറപ്പെടുന്നത്. കലിഫോർണിയയ്‌ക്ക് സമീപമുള്ള പസഫിക്ക് സമുദ്രത്തിലാകും ഇവരുടെ ഡ്രാഗൺ പേടകം പതിക്കുക. തുടർന്ന് കെന്നഡി സ്‌പേസ് സെന്ററിൽ എത്തിക്കും.
ജൂൺ 26നാണ് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ് ശുഭാംശു.
ടെക്സസിലെ ഹ്യൂസ്റ്റൺ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസ് നിയോഗിച്ച ചരിത്ര ദൗത്യത്തിൽ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, ഗ്രൂപ്പ് കാപ്റ്റൻ ശുഭാംശു ശുക്ല, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോർ കാപു എന്നിവരാണ് ഉൾപ്പെടുന്നത്.
ശനിയാഴ്‌ച ശുക്ല നിലയത്തിലെ കപ്പോളയിലെത്തി ഭൂമിയുടെ നിരവധി ചിത്രങ്ങളെടുത്തു. നിലയത്തിൽനിന്ന് ഭൂമിയിലേക്ക് തുറക്കുന്ന ഏഴ് ജാലകങ്ങളുള്ള താഴികക്കുടംപോലെയുള്ള ഭാഗമാണ് കപ്പോള.
നിലയത്തിലെ വികിരണം, സൂക്ഷ്‌മ ജീവി സാന്നിധ്യം, പേശികളിലും അസ്ഥികളിലുമുണ്ടാകുന്ന മാറ്റങ്ങൾ, കാഴ്‌ച പ്രശ്‌നം തുടങ്ങിയവ ശുക്ല പഠന വിധേയമാക്കി. സീറോ ഗ്രാവിറ്റിയിൽ, ജലക്കരടികൾ (ടാർഡിഗ്രാഡുകൾ) എന്നു വിളിക്കുന്ന സൂക്ഷ്‌മ ജീവികളുടെ വളർച്ചയും പ്രത്യുൽപ്പാദനവും അതിജീവനവും സംബന്ധിച്ച പഠനവും പൂർത്തീകരിച്ചു.
14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ദൗത്യത്തിനായി നിശ്ചയിച്ച ദിവസങ്ങൾ ബുധനാഴ്ച പൂർത്തിയായി.









0 comments