ഇന്ന് സൂപ്പർ സൺ ; ഭൂമിയുടെ 14 കോടി 70 ലക്ഷം കിലോമീറ്റർ അടുത്ത് സൂര്യനെത്തും

സയൻസൺ
Published on Jan 04, 2025, 12:00 AM | 1 min read
കൽപ്പറ്റ
എന്നും മനുഷ്യനെ വിസ്മയിപ്പിക്കുന്ന സൂര്യൻ വലുപ്പത്താൽ താരമാകുന്നു. 2025ലെ ഏറവും വലുപ്പമേറിയ സൂര്യൻ ശനിയാഴ്‌ച കിഴക്കൻ ചക്രവാളത്തിൽ ഉദിക്കും. സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നതാണ് ഈ പ്രതിഭാസം. സാങ്കേതികമായി പെരിഹീലിയൻ എന്നാണിതറിയപ്പെടുന്നത്. ഈഘട്ടത്തിൽ സൂര്യനോട് ഭൂമി ഏതാണ്ട് 14 കോടി 70 ലക്ഷം കിലോമീറ്റർ അടുത്തായിരിക്കും. അതായത് ഓരോ വർഷവും നാം സൂര്യനോട് ഏതാണ്ട് 50 ലക്ഷം കിലോമീറ്റർ അടുക്കുകയും അത്രതന്നെ അകലുകയും ചെയ്യുന്നുണ്ട്. സൂര്യൻ ഭൂമിയിൽനിന്ന് അകലുന്നതിനെ അപ് ഹീലിയൻ എന്നാണ് പറയാറ്. ഈ സമയത്ത് സൂര്യൻ ഏറ്റവും അകലെയായിരിക്കും. ഇതാകട്ടെ സാധാരണയായി ജൂലൈ ആദ്യവാരത്തിലാണുണ്ടാവുക. ഈ സമയത്ത് സൂര്യൻ ഭൂമിയിൽനിന്ന് ഏതാണ്ട് 15 കോടി 20ലക്ഷം കി.മീ അകലെയായിരിക്കും. ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായൊരു വൃത്തപരിധിയിലല്ല എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഒറ്റനോട്ടത്തിൽ സൂര്യന് വ്യത്യാസം ഒന്നും തോന്നാനിടയില്ലെങ്കിലും ജ്യോതിശാസ്ത്രപരമായി ഏറെ പ്രാധാന്യമുണ്ട്. നമുക്ക് തണുപ്പ് കാലമാണെങ്കിലും ഭൂമിയിൽ ഏൽക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വർധന ഉണ്ടാകാൻ ഇത് കാരണമാകുമെന്ന് വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. സൗരോപരിതലത്തിൽ നിന്ന് വരുന്ന പ്രകാശം അൽപ്പം നേരത്തെ എത്താനും ഇത് വഴിവയ്‌ക്കുന്നു. ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഈ പ്രതിഭാസത്തിന് സ്വാധീനമുണ്ട്. ജനുവരിയിലും ജൂലൈയിലും ഒരേ സൂമിൽ സൂര്യബിംബത്തിന്റെ ഫോട്ടോ എടുത്താൽ വലുപ്പവ്യത്യാസം തിരിച്ചറിയാം.
സൂര്യാസ്തമയത്തോടെ പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ശുക്രനും ചന്ദ്രനും ശനിയും മനോഹരമായി സംഗമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഇടക്കിടക്ക് ഉണ്ടാവുന്നതിനാൽ സൂപ്പർ മൂണിന് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. എന്നാൽ സൂപ്പർസൺ അത്ര പരിചിതമല്ല.









0 comments