പേടകത്തിൽ അജ്ഞാത വസ്തു ഇടിച്ചു, ചൈനീസ് ബഹിരാകാശ യാത്രികരുടെ തിരിച്ചു വരവ് മുടങ്ങി

china
വെബ് ഡെസ്ക്

Published on Nov 05, 2025, 10:44 AM | 1 min read

ചൈനയുടെ ബഹിരാകാശ നിലയത്തിൽ അജ്ഞാത വസ്തു ഇടിച്ചു. ഇതുകാരണം നിലയത്തിനകത്തെ യാത്രികരുടെ തിരിച്ചുവരവ് മാറ്റിവച്ചു. ചെറിയ ബഹിരാകാശ അവശിഷ്ടങ്ങളുടെ ആഘാതം ഉണ്ടായതിനാൽ യാത്ര മാറ്റിവച്ചതായി ചൈന മാൻഡ് സ്‌പേസ് ഏജൻസി (സിഎംഎസ്എ) അറിയിച്ചു.


ബഹിരാകാശയാത്രികരുടെ സുരക്ഷയും ദൗത്യ വിജയവും ഉറപ്പാക്കുന്നതിനാണ് തിരിച്ചുവരവ് വൈകിപ്പിക്കുന്നതെന്ന് ഏജൻസി പറഞ്ഞു. ചൈന ഓരോ ആറ് മാസത്തിലും സ്റ്റേഷനിലെ ജീവനക്കാരെ മാറ്റുന്നതാണ് പതിവ്.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈന ഷെൻഷോ-21 ക്രൂ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. ആറ് മാസത്തെ ദൗത്യത്തിനായി മൂന്ന് ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചു.


നിലയത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ഷെൻഷോ-20 ബഹിരാകാശ പേടകം ക്രമ പ്രകാരം നവംബർ അഞ്ചിന് മടങ്ങേണ്ടതായിരുന്നു. ഷെൻഷോ-21 ക്രൂവിനൊപ്പം ഭ്രമണപഥത്തിലെ കൈമാറ്റം പൂർത്തിയാക്കി ഇന്ന് ഭൂമിയിലേക്ക് മടങ്ങും എന്നായിരുന്നു തീരുമാനം.


സ്റ്റേഷൻ കൈകാര്യം ചെയ്തിരുന്ന മൂന്നംഗ സംഘം ചൊവ്വാഴ്ച ബഹിരാകാശ നിലയത്തിന്റെ കൈമാറ്റ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. നിലയത്തിന് അജ്ഞാത വസ്തു കാരണം എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചുവോ എന്ന് വ്യക്തമല്ല.


ചൈനയുടെ ബഹിരാകാശ നിലയത്തിൽ സന്ദർശക ബഹിരാകാശ പേടകങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു അടിയന്തര രക്ഷാ സംവിധാനമുണ്ട്. അടിയന്തര പ്രോട്ടോക്കോൾ പ്രകാരം, ഒരു പേടകം വിക്ഷേപിക്കുന്ന നിമിഷം മുതൽ അത് ഭൂമിയിലേക്ക് മടങ്ങുന്നതുവരെ ആവശ്യമെങ്കിൽ ദ്രുത വിന്യാസത്തിനായി ഒരു ബാക്കപ്പ് ബഹിരാകാശ പേടകം സ്റ്റാൻഡ്‌ബൈയിൽ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home