വംശനാശ ഭീഷണിയിലായ കോലകളെ രക്ഷിക്കാൻ പുതിയ വാക്സിൻ

സിഡ്നി: ഓസ്‌ട്രേലിയയിലെ വ്യാപക വംശനാശഭീഷണി നേരിടുന്ന കോലകളെ കൊന്നൊടുക്കുന്ന ക്ലമീഡിയ പകർച്ചവ്യാധിക്കെതിരെ പുതിയ വാക്സിൻ വികസിപ്പിച്ചു. കിഴക്കൻ ഓസ്‌ട്രേലിയയിലെ മിക്ക കാട്ടു കോലകളെയും നശിപ്പിച്ച രോഗത്തിന്റെ വ്യാപനം തടയുന്നതിനായി സൺഷൈൻ കോസ്റ്റ് സർവകലാശാലയിലെ (യൂണിസ്‌കി) ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിച്ചത്. പത്തു വർഷമായി തുടരുന്ന ഗവേഷണത്തിന് ഒടുവിലാണ് വാക്സിന് അംഗീകാരം.
ക്ലമീഡിയ അണുബാധ 70% വരെ മരണങ്ങൾക്ക് ഈ സഞ്ചിജീവികളിൽ കാരണമായിരുന്നു. മുമ്പ് കോലകളിൽ ക്ലമീഡിയ ചികിത്സിക്കാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഈ മരുന്നുകൾ അവയുടെ മുഖ്യ ഭക്ഷണമായ യൂക്കാലിപ്റ്റസ് ഇലകൾ ദഹിപ്പിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും അവ പട്ടിണി കിടന്ന് മരിക്കാൻ കാരണമാവുകയും ചെയ്തു.

ലോകത്തിൽ ആദ്യമായാണ് ക്ലമീഡിയയ്ക്ക് എതിരെ കോലകളിൽ ഇങ്ങനെ ഒരു വാക്സിൻ. പ്രജനന കാലഘട്ടത്തിൽ കോലകളിൽ ക്ലമീഡിയയുടെ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വാക്സിൻ കുറയ്ക്കുകയും വന്യ കോലകളുടെ മരണനിരക്ക് കുറഞ്ഞത് 65 ശതമാനം കുറയ്ക്കുകയും ചെയ്തുവെന്ന് വാക്സിൻ പഠനം കണ്ടെത്തി.
ഇണചേരലുമായി ബന്ധപ്പെട്ടും സാമൂഹിക ഇടപഴകലിലും അമ്മ കോലകളിൽ നിന്ന് കുഞ്ഞുങ്ങളിലേക്കും ക്ലമീഡിയ പകരുന്നു.









0 comments