അരികിൽ ലൂസി കണ്ടു ഡൊണാൾഡിനെ

lucy
avatar
ദിലീപ്‌ മലയാലപ്പുഴ

Published on Apr 27, 2025, 12:00 AM | 1 min read

വ്യാഴത്തിന്റെയും സൂര്യന്റെയും ഗുരുത്വാകർഷണബലത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന ട്രോജൻ ഛിന്നഗ്രഹത്തെ ലൂസി ബഹിരാകാശ പേടകം അടുത്തറിഞ്ഞു. ഭൂമിയിൽനിന്ന്‌ 25 കോടി കിലോമീറ്റർ അകലെ വച്ച്. ചിത്രങ്ങളെടുത്തു. വിവരങ്ങൾ ശേഖരിച്ചു. ഭൂമിയിലേക്ക്‌ അയച്ചു. ഏപ്രിൽ 20നായിരുന്നു ഈ ഗോളാന്തര കൂടിക്കാഴ്ച. ട്രോജൻ ഛിന്നഗ്രഹമായ ഡൊണാൾഡ്‌ ജോഹൻസന്റെ 960 കിലോമീറ്റർ അരികിലൂടെ പറന്നായിരുന്നു (ഫ്ലൈബൈ) നിരീക്ഷണം. നിശ്‌ചിതസമയത്ത്‌ ഛിന്നഗ്രഹത്തിനൊപ്പം ഭ്രമണം ചെയ്യാനായത്‌ കൂടുതൽ വിവരശേഖരണത്തിന്‌ സഹായകമായി. കാർബൺ സമ്പുഷ്‌ടമായ ഛിന്നഗ്രഹത്തിന്റെ ഘടന, അന്തരീക്ഷം തുടങ്ങിയവയെപ്പറ്റി ലൂസിയിൽനിന്ന്‌ നിർണായക വിവരങ്ങൾ നാസയ്‌ക്ക്‌ ലഭിച്ചു. നാല്‌ കിലോമീറ്ററിലധികം വ്യാസമുള്ള ഡൊണാൾഡ്‌ ജോഹൻസൻ, സൗരയൂഥ രൂപീകരണകാലത്തുതന്നെ രൂപപ്പെട്ടതാണ്‌. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയുടെ രൂപീകരണത്തിൽനിന്ന് അവശേഷിച്ച വസ്തുക്കളിലൊന്നാണിതെന്നാണ്‌ നിഗമനം. വ്യാഴത്തിന്റെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലം സന്തുലിതമാകുന്ന പഥത്തിലൂടെയാണ്‌ ഭ്രമണം.


ട്രോജൻ ഛിന്നഗ്രഹങ്ങൾ


ചൊവ്വയ്‌ക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹവലയത്തിലുള്ള ട്രോജൻ ഛിന്നഗ്രഹങ്ങളെപ്പറ്റി പഠിക്കാൻ നാസ 2021 ഒക്ടോബർ 16നാണ്‌ ലൂസി പേടകം അയച്ചത്‌. 12 വർഷമാണ്‌ കാലാവധി. വ്യാഴത്തിന്റെ എട്ട്‌ പ്രധാന ട്രോജൻ ഛിന്നഗ്രഹങ്ങൾക്കരികിലൂടെ പറന്ന്‌ വിവരശേഖരണം നടത്തുകയാണ്‌ ലക്ഷ്യം. ഇതുകൂടാതെ മൂന്ന്‌ ഛിന്നഗ്രഹങ്ങൾകൂടി നിരീക്ഷിക്കും.


asteroid

വ്യാഴത്തോടൊപ്പം സൂര്യനെ ചുറ്റുകയും ലഗ്രാഞ്ച് പോയിന്റുകൾ എന്നറിയപ്പെടുന്ന പ്രത്യേക മേഖലയിൽ ഭ്രമണപഥം പങ്കിടുകയും ചെയ്യുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടങ്ങളാണ് വ്യാഴത്തിന്റെ ട്രോജൻ ഛിന്നഗ്രഹങ്ങൾ. വ്യാഴത്തിന് 60 ഡിഗ്രി മുന്നിലോ പിന്നിലോ ആണ് ഇവ. എൽ 4, എൽ 5 ലെഗ്രാൻഷ്യൻ പോയിന്റുകളെന്ന്‌ ഇവ അറിയപ്പെടുന്നു. വലിപ്പം കൂടിയ പതിനായിരത്തിലധികം ട്രോജൺ ഛിന്നഗ്രഹങ്ങളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ 250 കിലോമീറ്ററിലധികം വ്യാസമുള്ളവയുമുണ്ട്‌. വലിപ്പവും ശക്തമായ ഗുരുത്വാകർഷണവും ഉള്ളതിനാലാണ്‌ വ്യാഴത്തിനു സമീപമുള്ള മേഖലയിൽ ഛിന്നഗ്രഹങ്ങൾ കൂടാൻ കാരണം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‌ നിലവിൽ 92 ഉപഗ്രഹങ്ങളുണ്ട്‌. ഇവയിൽ 12 എണ്ണം സമീപ വർഷത്തിൽ കണ്ടെത്തിയതാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Home