സ്വപ്‌നമല്ല ചന്ദ്രനിലൊരു വീട്

ദിലീപ് മലയാലപ്പുഴ
Published on Jan 19, 2025, 09:53 AM | 2 min read
കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന് വിക്ഷേപിച്ച ഇരട്ട ചാന്ദ്രലാൻഡറുകൾ യാത്ര തുടരുകയാണ്. ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഇവയെ വരുംദിവസങ്ങളിൽ ഘട്ടംഘട്ടമായി ചന്ദ്രനിലേക്ക് തൊടുത്തുവിടും. ടെക്‌സാസ് ഫയർ ഫ്ളൈ എയ്‌റോ സ്‌പെയ്‌സിന്റെ ബ്ലൂ ഗോസ്റ്റ്, ജപ്പാൻ കമ്പനിയായ ഈസ്‌പെയ്‌സിന്റെ റെസിലസ് എന്നീ ചാന്ദ്രപര്യവേക്ഷണ ലാൻഡറുകൾക്ക് ദൗത്യങ്ങളേറെയുണ്ട്.
റെസിലസ് ലാൻഡറിൽ ഒരു ചാന്ദ്ര ഭവനത്തി (Moon house)ന്റെ മാതൃകകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ലാൻഡറിലെ ടെനേഷ്യസ് റോവറിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ചന്ദ്രനിൽ എത്തിക്കഴിഞ്ഞാലുടൻ റോവർ പുറത്തിറങ്ങി യാത്ര തുടങ്ങും.
‘വീട്’ ചാന്ദ്രമണ്ണിൽ സ്ഥാപിക്കുകയും ചെയ്യും. ഒരു വീടിന്റെ മാതൃക ആദ്യമായാണ് ചന്ദ്രനിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്വീഡിഷ് കലാകാരനായ മൈക്കിൾ ജൻബർഗ് നിർമിച്ചു നൽകിയതാണിത്. ഭാവിയിൽ മാനവരാശി ഭൂമിയും കടന്ന് ഗോളാന്തരങ്ങളിലേക്ക് ചേക്കേറുമെന്ന സന്ദേശമാണ് ഇതുവഴി നൽകുന്നതെന്ന് മൈക്കിൾ പറയുന്നു.
എന്തായാലും ചന്ദ്രനിൽ വാസയോഗ്യമായ കേന്ദ്രങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ വിവിധ ബഹിരാകാശ ഏജൻസികൾ തുടങ്ങിക്കഴിഞ്ഞു. നാസയും ചൈന സ്‌പെയ്‌സ് ഏജൻസിയും ഇതിനായുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. വരും വർഷങ്ങൾ ഈ മേഖലയിൽ അത്ഭുതങ്ങളാണ് കാത്തിരിക്കുന്നത്. ചന്ദ്രനിൽ മനുഷ്യന് വാസയോഗ്യമായ കേന്ദ്രങ്ങളോ വീടുകളോ നിർമിക്കുകയെന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഗുരുത്വാകർഷണത്തിന്റെ കുറവാണ് പ്രധാനം. നേർത്ത അന്തരീക്ഷം ഏറെ അപകടകരവും. അതി തീവ്രമായ ചൂടിനെയും തണുപ്പിനെയും റേഡിയേഷനെയും അതിജീവിക്കുന്ന നിർമിതിയാകണം. ഇതുകൂടാതെ ചെറുതും വലുതുമായ ഉൽക്കാപതന ഭീഷണി എപ്പോഴുമുണ്ട്. ചാന്ദ്ര ചലനസാധ്യതകളും പരിഗണിക്കണം. ആർട്ടമസ് ദൗത്യങ്ങളുടെ തുടർച്ചയായി 2040ഓടെ സ്ഥിരവാസ കേന്ദ്രം ചന്ദ്രനിൽ സ്ഥാപിക്കാൻ നാസ ലക്ഷ്യമിടുന്നു.
ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാകുമിത്. ചന്ദ്രനിലെ മണ്ണായ റിഗോലിത്ത്, പാറകൾ തുടങ്ങിയവ ഉപയോഗിച്ച് കോൺക്രീറ്റ് എന്ന ആശയം അവർ മുന്നോട്ടുവയ്‌ക്കുന്നു. 2035ൽ ചന്ദ്രന്റെ മറുപുറത്ത് ദക്ഷിണ ധ്രുവത്തിനടുത്ത് കേന്ദ്രം (Mannned Moon Base)സ്ഥാപിക്കാൻ ചൈനയും ലക്ഷ്യംവയ്‌ക്കുന്നു. റഷ്യയുടെ സഹകരണവും ഉണ്ടാകും. ഇരു രാജ്യങ്ങളും ചേർന്ന് 2050ഓടെ അന്താരാഷ്‌ട്ര ചാന്ദ്ര റിസർച്ച് സ്‌റ്റേഷൻ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 50 രാജ്യങ്ങളുടെ സഹകരണവും ഉണ്ടാകുമെന്ന് അവർ പറയുന്നു. മുട്ടയുടെ ആകൃതിയിലുള്ള ചാന്ദ്ര വീടുകളുടെ രൂപകൽപ്പനയും നടന്നുവരുന്നു. അടുത്തിടെ ചാന്ദ്ര ഇഷ്ടിക (loonar soil bricks) അവർ നിർമിച്ചിരുന്നു. ചന്ദ്രനിൽനിന്ന് എത്തിച്ച റിഗോലിത്ത് ഉപയോഗിച്ചായിരുന്നു നിർമാണം. ബഹിരാകാശ നിലയമായ ടിയാഗോങ്ങിൽ ഈ ഇഷ്ടികകളുടെ ക്ഷമത പരിശോധിക്കുകയാണിപ്പോൾ. റേഡിയേഷൻ, താപം എന്നിവയുടെ പ്രതിരോധമടക്കം പരിശോധിക്കുന്നുണ്ട്. 2030ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ഒരുക്കത്തിലാണ് ചൈന. ചാങ് 7, 8 ദൗത്യങ്ങൾ 2026–-28ൽ നിശ്‌ചയിച്ചിട്ടുണ്ട്. ഏറ്റവും ആധുനികമായ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചൈനയുടെ ചാന്ദ്ര ദൗത്യങ്ങളാണിവ.
ഇതിനുശേഷമാകും മറ്റ് പ്രവർത്തനങ്ങൾ. കോടാനുകോടി വർഷങ്ങൾക്കുമുമ്പ് ലാവ ഒഴുകി ചന്ദ്രനിൽ രൂപപ്പെട്ട ലാവാ തുരങ്കങ്ങൾ ഉപയോഗപ്പെടുത്താനുള്ള പഠനങ്ങളും നടക്കുന്നു. മൈക്കിൾ ജൻബർഗിന്റെ ‘കളിവീട്’ വലിയ ശാസ്‌ത്ര സന്ദേശമാകുകയാണ്.









0 comments