നാസയ്ക്ക് സ്വന്തം ബഹിരാകാശ വാഹനമില്ല: സുനിതയെ കുരുക്കിയത് കോർപ്പറേറ്റ് മത്സരങ്ങളോ

starliner space
avatar
എൻ എ ബക്കർ

Published on Mar 19, 2025, 06:07 PM | 3 min read

സുനിതാ വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെട്ട ക്രൂ ഡ്രാഗൺ സംഘം മെക്സിക്കന്‍ ഉള്‍ക്കടലിൽ വിജയകരമായി ലാന്റ് ചെയ്തതിന്റെ ആശ്വാസവും ആഹ്ളാദവും ലോകം കൊണ്ടാടുമ്പോൾ ഇതുവരെ അടക്കിവെച്ച ഒരു വിവാദത്തിന് വീണ്ടും തീപിടിക്കയാണ്.


സുനിതയും വിൽമോറും അനിശ്ചിതത്വത്തിന്റെ ആകാശത്ത് കഴിയേണ്ടി വന്നത് 286 ദിവസങ്ങളാണ്. 10 ദിവസത്തിനകം തിരിച്ചെത്തേണ്ട പദ്ധതിയായിരുന്നു. ബഹിരാകാശ യാത്രകൾ എല്ലാം തന്നെ സൂക്ഷ്മമായ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി തവണ കൃത്യത ഉറപ്പിച്ച് രൂപം നൽകുന്ന പദ്ധതി പ്രകാരമാണ് ആസൂത്രണം ചെയ്യപ്പെടുന്നത്. എന്നിട്ടും അവരെ കുരുക്കിയത് എന്തെന്ന ചോദ്യം ഉയർന്നെങ്കിലും തിരിച്ചെത്തും വരെ ശുഭകരമായ മടക്കത്തിനായി നിശ്ശബ്ദം കാത്തിരിക്കയായിരുന്നു ശാസ്ത്രലോകം.

SUNITA WILLIAMS

ബഹിരാകാശ പഠനപര്യവേഷണങ്ങൾക്കായി യു എസ് ഗവർൺമെന്റ് നിയന്ത്രണത്തിനുള്ള സ്ഥാപനമാണ് നാസ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷൻ. 150 തവണ മനുഷ്യനെ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുള്ള നാസയ്ക്ക് പക്ഷെ ഇപ്പോൾ സ്വന്തമായ ബഹിരാകാശ വാഹനമില്ല. 1958 സ്ഥാപിതമായ നാസ 1961 ൽ തന്നെ ഫ്രീഡം 07 എന്ന വാഹനം രൂപകല്പന ചെയ്യുകയും അലൻ ഷെപാർഡിനെ അമേരിക്കൻ രാജ്യ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് എത്തിക്കയും ചെയ്തിരുന്നതാണ്. 2011 വരെ ബഹിരാകാശത്ത് ആളെ അയക്കാനും സാധനങ്ങള്‍ എത്തിക്കാനും നാസക്ക് സ്പേസ്ഷട്ടിലുകൾ ഉണ്ടായിരുന്നു.


1998 ൽ ആരംഭിച്ച അന്താരാഷട്ര ബഹിരാകാശ നിലയം 2011 ആവുമ്പോഴേക്കും പൂർണ്ണ സജ്ജമായി കഴിഞ്ഞിരുന്നു. അപ്പോഴേക്കും ബഹുമുഖ താത്പര്യങ്ങൾ ഈ മേഖലയിലേക്ക് കടന്നു കയറി തുടങ്ങി. സ്വന്തം യാത്രികരെ നിലയത്തിലേക്ക് എത്തിക്കാൻ വാടക വണ്ടി വിളിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് നാസ സ്വയം ചുരുങ്ങി.

boeing star

രണ്ട് കോർപ്പറേറ്റ് ഭീമൻമാരാണ് ഈ രംഗത്ത് മത്സരത്തിന് എത്തിയത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സും, ബോയിങ്ങും. 2014 ൽ ഇവർ സ്വന്തമായി പേടകം നിർമ്മിക്കുന്നതിന് നാസയിൽ നിന്നും കരാർ നേടിയെടുത്തു. കൊമേഴ്സിയൽ ക്രൂ പ്രോഗാം എന്ന ഈ പദ്ധതിക്ക് കീഴിൽ സ്പേസ് എക്സിന് 260 കോടി ഡോളറിന്റെ കരാറാണ് നേടാനായത്. അവർ ഈ രംഗത്തെ തുടക്കകാരായിരുന്നു. പരിചയസമ്പന്നത പരിഗണിച്ച് ബോയിങ്ങിന് 420 കോടി ഡോളറിന്റെ കരാറും നല്‍കി. കോർപ്പറേറ്റ് യുദ്ധത്തിൽ പക്ഷെ ബോയിങ് പട്ടുപോയി.

സ്പേസ് എക്സ് കമ്പനി ആറ് വർഷത്തിനകം ഇപ്പോൾ വാർത്തകളിൽ നിറയുന്ന ഡ്രാഗണ്‍ പേടകം വികസിപ്പിച്ചെടുത്തു. നാസ സഞ്ചാരികളെ അന്താരാഷ്ട്ര നിലയത്തില്‍ എത്തിക്കാൻ 2020 മുതൽ ഡ്രാഗണ്‍ പേടകത്തെയാണ് ആശ്രയിക്കുന്നത്.

ബോയിങ് കമ്പനിക്ക് പത്ത് വര്‍ഷമായിട്ടും പൂർണ്ണ സുരക്ഷ വാഗ്ദാനം ചെയ്യാവുന്ന ഒരു വാഹനം രൂപം നൽകാനായില്ല. 2022 വരെ അവരുടെ സ്റ്റാര്‍ലൈനർ (CST 100) വാഹനം ആളില്ലാതെ നടത്തിയ പരീക്ഷണങ്ങളില്‍ മൂന്നിൽ രണ്ടും പൂർണ്ണ വിജയമായില്ല.


2024 ജൂണ്‍ അഞ്ചിന് സുനിതയെയും വില്‍മോറിനെയും ബോയിങ് രൂപം നൽകിയ സ്റ്റാർലൈനർ പേടകത്തിലാണ് നാസ അയച്ചത്. ഇതും ഒരു പരീക്ഷണം മാത്രമായിരുന്നുവോ എന്ന വിമർശനം ഉയർന്നു. തിരിച്ചു വരേണ്ടിയിരുന്ന പേടകം നിലയത്തിൽ സ്ഥിരമായി നിലനിർത്തിയിരുന്നു എങ്കിലും. സ്റ്റാർലൈനറിന് തകരാർ കാരണം ആളില്ലാതെ തിരികെ പോരേണ്ടി വരികയായിരുന്നു. ഇതോടെ സുനിതയും വിൽമോറും നിലയത്തിൽ അകപ്പെട്ടു.

SUNITA WILLIAMS BUCH WILMORE

ഡ്രാഗണും സ്റ്റാർലൈനറും വ്യത്യസ്ത പേടകങ്ങളാണ്. ഇതിൽ ഒന്നിൽ യാത്രാപരിശീലനം നേടിയവർക്ക് രണ്ടാമത്തേതിൽ കയറാനാവില്ല. ഇതിന് പ്രത്യേക പരിശീലനം ആവശ്യമാണ്. ഈ തയാറെടുപ്പും അവർ നടത്തേണ്ടി വന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് നിർമ്മിച്ച ക്രൂ ഡ്രാഗണിലാണ് തിരിച്ചെത്തൽ സാധ്യമാക്കിയത്.

രണ്ടു കോർപ്പറേറ്റുകളുടെ മത്സരവും ഇതിനിടെ കലങ്ങി മറിഞ്ഞ രാഷ്ട്രീയവും അമേരിക്കയിലെ ഭരണ മാറ്റവും ബഹിരാകാശത്തും കലർന്നു. മടക്കയാത്രയ്ക്ക് സ്പേസ് എക്സ് സഹായം നേരത്തെ വാഗ്ദാനം ചെയ്തപ്പോൾ ജോ ബൈഡൻ അത് നിരസിക്കുകയായിരുന്നു എന്ന് ഇലോൺ മസ്ക് പറഞ്ഞിരുന്നു. ബൈഡൻ്റെ കഴിവുകേടാണ് സുനിത സംഘത്തെ തിരികെയെത്തിക്കുന്നത് വൈകിക്കുന്നത് എന്ന് വരുത്തി തീർക്കാൻ ട്രംപ് തുടക്കം മുതൽ ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പ് വിഷയമാവുകയും ചെയ്തു.

ബഹിരാകാശ നിലയം പൊളിച്ചു മാറ്റാനുള്ള കാലാവധി എത്തുകയാണ്. 2030 വരെ മാത്രമാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര നിലയത്തിന്റെ കാലാവധി.

space station

അതിനുള്ള ആറായിരം കോടി ഡോളറിന്റെ കരാറും ഇലോൺ മസ്കാണ് നേടിയത്. അത്രയും വർഷം കാത്തിരിക്കേണ്ടതില്ല നേരത്തെ പൊളിക്കണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മാത്രമല്ല നാസയിൽ ഇത്രയും ശാത്രജ്ഞരുടെ ആവശ്യമില്ലെന്ന വാദവും വിവാദത്തിലായി. നാസയുടെ തലവൻ അഡ്മിനിസ്ട്രേറ്ററാണ്. ഇദ്ദേഹം തന്നെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ സ്പേസ് സയൻസ് ഉപദേശകനും.

നിലയം ഇല്ലാതാവുന്നതോടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തിന് പിന്നെന്താണ് ഉപയോഗം. സ്വകാര്യ കമ്പനികള്‍ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ഇവിടേക്കുള്ള വിക്ഷേപണങ്ങള്‍ക്കായി സ്‌പേസ് എക്‌സിന്റെ പേടകങ്ങള്‍ ആവശ്യമാവും.


ശതകോടികൾ ഒഴുകുന്ന മേഖലയാണ് ബഹിരാകാശ പര്യവേഷണം. യുദ്ധമായിരുന്നു വലിയ വിപണി എങ്കിൽ ഇനി ബഹിരാകാശം കയ്യടക്കാനുള്ള മത്സര വിപണിയും തെഴുക്കുകയാണ്. ചൊവ്വയിൽ കോളനി സ്ഥാപിക്കും എന്ന ഇലോൺ മസ്കിന്റെ പ്രഖ്യാപനവും ഈ സാഹചര്യത്തിൽ കൂട്ടി വായിക്കപ്പെടുന്നുണ്ട്. ബോയിങ്ങും സ്പേസ് എക്സും മാത്രമല്ല റിച്ചഡ് ബ്രാൻസന്റെ വെർജിൻ ഗലാറ്റിക്, ജെഫ് ബെസോഴ്സിന്റെ ബ്ലൂ ഒറിജിൻ, ഇയോൺ സ്പേസ് ലാബ്സ്, റോക്കറ്റ് ലാബ്, ലോക്ഹീഡ് മാർട്ടിൻ, സിയറ നെവാഡ കോർപറേഷൻ, ഓർബിറ്റൽ സയൻസ് കോർപറേഷൻ തുടങ്ങിയ കമ്പനികൾ മത്സര രംഗത്ത് സജീവമാണ്.

ബഹിരാകാശം കോർപ്പറേറ്റുകൾക്ക് പുതിയൊരു ചക്രവാളം തുറക്കുകയാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home