ലോകബാങ്കിന്റെ ഒമാനിലെ ആദ്യ ഓഫീസ് പ്രവർത്തനമാരംഭിച്ചു

മസ്ക്കറ്റ്: ലോകബാങ്ക് ഒമാനിലെ അവരുടെ ആദ്യത്തെ ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. സാമ്പത്തിക സഹായത്തിന്റെ പിൻബലത്തൊടെ നടപ്പിലാക്കപ്പെടുന്ന പദ്ധതികൾ നിരീക്ഷിക്കുന്നതിനും ഉപദേശ, നിർദ്ദേശങ്ങൾക്കുമായുള്ള സ്ഥിരം കേന്ദ്രമായിരിക്കുമിതെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള സുസ്ഥിര സഹായം, സ്വകാര്യ മേഖലയുടെ ക്രമാനുഗതമായ വികാസം തുടങ്ങിയ വിഷയങ്ങളിൽ പൊതു-സ്വകാര്യ മേഖലകളുമായി ചേർന്ന് മുന്നോട്ടു പോകുമെന്ന് ലോകബാങ്കിന്റെ ഒമാനിലെ കന്റ്രി മാനേജർ വെൻഡി വെർണർ പറഞ്ഞു.
സൗദി അറേബ്യ, ഐക്യ അറബ് എമിറാത്തുകൾ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ ലോകബാങ്ക് ഓഫീസുകളുമായി ഒമാനിലെ കേന്ദ്രം നിരന്തര സമ്പർക്കത്തിലായിരിക്കും. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ ലോകബാങ്ക് ഒമാനിൽ രണ്ടു കരാറുകളിൽ ഒപ്പുവച്ചിരുന്നു. നാഷണൽ ഫിനാൻസ് കമ്പനി, സോഹാർ ഇന്റർനാഷണൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾ വഴി ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുദ്ദേശിച്ചു കൊണ്ടുള്ളതാണ് ആദ്യ കരാർ. സോളാർ പാനൽ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നതിന് സോഹാറിൽ സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് പോളിസിലിക്കോൺ കമ്പനിയുമായി ഒപ്പുവച്ച 737 ദശലക്ഷം റിയാലിന്റെ കരാറാണ് രണ്ടാമത്തേത്.









0 comments