സലാല- അബുദാബി; നേരിട്ടുള്ള സർവീസ് തുടങ്ങാനൊരുങ്ങി ‘വിസ് എയർ'

സലാല : സലാലയിൽനിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങാനൊരുങ്ങി ‘വിസ് എയർ'. ഇരു വിമാനത്താവളങ്ങൾക്കും ഇടയിൽ കമ്പനി ആഴ്‌ചയിൽ ഏഴ് സർവീസ് നടത്തും. യാത്രക്കാർക്ക് താങ്ങാനാകുന്ന നിരക്കിലായിരിക്കും സർവീസ് എന്നാണ് പ്രതീക്ഷ. അബുദാബി കേന്ദ്രമാക്കി സർവീസ് നടത്തി വരുന്ന വിസ് എയർ കുറഞ്ഞ ടിക്കറ്റ് നിരക്കിന്റെ പേരിൽ മേഖലയിൽ സുപരിചിതമാണ്.
ഖരീഫ് സീസൺ പ്രമാണിച്ച് സലാലയിൽ സന്ദർശനം ആസൂത്രണം ചെയ്യുന്ന യുഎഇയിലെ വിനോദ സഞ്ചാരികൾക്ക് പുതിയ സർവീസ് ഏറെ സഹായകമാകും. റോഡ് മാർഗം 1200ൽ അധികം കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമാണ് സലാലയിൽ എത്താനാകുക. അല്ലെങ്കിൽ അബുദാബിയിൽനിന്ന് സീബിലുള്ള മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മറ്റൊരു വിമാനത്തിൽ സലാലയിലേക്ക് പോകണം. ഇതിനെല്ലാം പരിഹാരമായിരിക്കും വിസ് എയറിന്റെ പുതിയ സർവീസ് എന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഒമാനിൽനിന്ന് വളരെ തുച്ഛമായ നിരക്കിൽ അബുദാബിയിലേക്കുള്ള സർവീസുകൾ നേരത്തെ വിസ് എയർ നടത്തിയിരുന്നു. ബസിനേക്കാൾ കുറഞ്ഞ നിരക്കിലുള്ള ഈ സേവനം ധാരാളം പേർ ഉപയോഗിച്ചിരുന്നതായും അവർ അറിയിച്ചു.









0 comments