ഷാർജ അൽഫയ യുനെസ്കോ ലോക പൈതൃക പട്ടികയിൽ

ഷാർജ: 2025 ലെ ഏക അറബ് പൈതൃക സ്ഥലമായി ഷാർജയിലെ ഫയയെ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. പാരീസിൽ നടന്ന 47 മത് വാർഷിക സെഷനിലെ പ്രഖ്യാപനം യുഎഇയ്ക്കും അറബ് മേഖലയ്ക്കും ചരിത്രനിമിഷമാണ് സമ്മാനിച്ചത്. ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കുന്ന യുഎഇയിലെ രണ്ടാമത്തെ പ്രദേശമാണ് ഇത്. നേരത്തെ അബുദാബി എമിറേറ്റിൽ ഉൾപ്പെടുന്ന അൽ ഐനിലെ ഏതാനും പ്രദേശങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരുന്നത്. സാംസ്കാരിക രംഗത്തും വിനോദസഞ്ചാര മേഖലയിലും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഈ പദവി സഹായകരമാകും. ഷാർജ എമിറേറ്റിന്റെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന വരണ്ട ഈ പ്രദേശത്ത് രണ്ടുലക്ഷം വർഷങ്ങൾക്കു മുമ്പ് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്.

ഈജിപ്തിലെ പിരമിഡുകൾ ഇന്ത്യയിലെ താജ് മഹൽ ചൈനയിലെ വന്നതൾ അടക്കമുള്ള പൈതൃക സ്ഥലങ്ങൾ ഇടംപിടിച്ച പട്ടികയിലാണ് അൽഫായയും ഇടം പിടിച്ചിരിക്കുന്നത്. മനുഷ്യ സാന്നിധ്യത്തിന്റെ ഏറ്റവും പഴക്കമേറിയ പ്രദേശമാണ് ഈ മേഖല. കഴിഞ്ഞ 30 വർഷത്തോളമായി ഷാർജ പുരാവസ്തു അതോറിറ്റി , ട്യൂ ബിംഗൻ സർവ്വകലാശാല, ഓക്സ്ഫോർഡ് ബ്രൂക്സ് സർവകലാശാല തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷകർ നടത്തിയ ഖനനത്തിൽ മനുഷ്യ സാന്നിധ്യത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന 18 പാളികൾ കണ്ടെത്തി. യുനെസ്കോയുടെ അംഗീകാരം സ്വീകരിക്കുന്നതിന് അൽഫായ നാമനിർദ്ദേശത്തിന്റെ ഔദ്യോഗിക അംബാസഡർ കൂടിയായ ശൈഖ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയും സംഘവും എത്തിയിരുന്നു.








0 comments