കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലും എമിറാത്തി പൗരന്മാർക്ക് വിസ ഓൺ അറൈവൽ

ഷാർജ: യുഎഇ പൗരന്മാർക്ക് ഇനി മുതൽ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കൂടി ഓൺ അറൈവൽ വിസ ലഭിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ ആറ് വിമാനത്താവളങ്ങളിൽ ഈ സൗകര്യം ലഭ്യമായിരുന്നു. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് ഓൺ അറൈവൽ വിസ സൗകര്യം ഉണ്ടായിരുന്നത്.ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനായി മുൻപ് ഇ-വിസ അല്ലെങ്കിൽ റെഗുലർ വിസ ലഭിച്ചിട്ടുള്ള യുഎഇ പൗരന്മാർക്കാണ് വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാകുന്നത്. ആദ്യമായി യാത്ര ചെയ്യുന്നവർ ഇ -വിസ അല്ലെങ്കിൽ റെഗുലർ വിസ നേടേണ്ടി വരും.
ബിസിനസ്, ടൂറിസം, കോൺഫറൻസ്, മെഡിക്കൽ ആവശ്യങ്ങൾ, 60 ദിവസത്തിൽ കൂടാത്ത കാലയളവിൽ ഇന്ത്യ സന്ദർശിക്കുന്നവരും കുറഞ്ഞത് ആറുമാസത്തെ കാലാവധി ഉള്ളവരുമായ യുഎഇ പൗരന്മാർക്കാണ് ഇത് ലഭിക്കുക. വിസയുടെ കാലാവധി നീട്ടാനോ മറ്റൊരു വിസയിലേക്ക് മാറ്റുന്നതിനോ കഴിയുകയില്ല. എമിറാത്തി പൗരനോ, അദ്ദേഹത്തിന്റെ മാതാപിതാക്കളോ, മുത്തച്ഛനോ, മുത്തശ്ശിയോ പാക്കിസ്ഥാനിൽ ജനിച്ചവരോ സ്ഥിരതാമസക്കാരോ ആണെങ്കിൽ ഈ സൗകര്യം ലഭ്യമല്ല. അത്തരം വ്യക്തികൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിൽ നിന്നോ വിസ നേടണം.







0 comments