60 രാജ്യങ്ങളിലെ വിദ്യാർഥികളുടെ കഥാസമാഹാരം: മലയാളിക്ക് യുനെസ്കോയുടെ അംഗീകാരം

ഷാർജ: എം ഒ രഘുനാഥിന്റെ "വിസ്പേഴ്സ് ഓഫ് വാണ്ടർലാൻഡ്" എന്ന പുസ്തകത്തിന് യുനെസ്കോയുടേയും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും അനുമോദനം. ആറ് ഭൂഖണ്ഡങ്ങളിലെ 60 രാജ്യങ്ങളിൽ നിന്നുള്ള 66 കുട്ടികളുടെ കഥകളാണ് രഘുനാഥിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് പുസ്തകത്തിലൂടെ രഘുനാഥ് നടത്തിയിരിക്കുന്നത്.
എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനും, ജംസ് അക്കാദമിയിലെ ലൈബ്രറേറിയനുമായ രഘുനാഥ് കണ്ണൂർ സ്വദേശിയാണ്. യുഎഇയിലെ സാംസ്കാരിക സംഘടനയായ മാസിന്റെ സജീവ പ്രവർത്തകനും, മലയാളം മിഷൻ പ്രവർത്തകനുമായ രഘുനാഥ് നിരവധി അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ യു എ ഇ മുൻ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബെൽഹൈഫ് അൽ നുഐമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മഹ്മൂദ് ഷംഷൂൺ (യുഎഇ മീഡിയ കൗൺസിൽ), സുൽത്താൻ അൽ മസ്രൂയി (ഡയറക്ടർ, എമിറേറ്റ്സ് ലൈബ്രറി & ഇൻഫർമേഷൻ അസോസിയേഷൻ), എഴുത്തുകാരി കെ പി സുധീര തുടങ്ങിയവർ പങ്കെടുത്തു.







0 comments