പരിസ്ഥിതി ഉച്ചകോടിയിലെ ആശങ്കകൾ തള്ളി, തീരദേശ എണ്ണ ഖനനം പ്രഖ്യാപിച്ച് യു എസ്

വാഷിങ്ടൺ: കാലിഫോർണിയ, ഫ്ലോറിഡ തീരങ്ങളിൽ പുതിയ എണ്ണ ഖനനം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തീരദേശ സമൂഹങ്ങളെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് വിമർശിക്കപ്പെട്ട പദ്ധതിയാണ്. എന്നാൽ ഇവ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ആവർത്തിച്ചിരുന്നു.
തെക്കൻ കാലിഫോർണിയയും ഫ്ലോറിഡയുടെ തീരവും ഉൾപ്പെടെയുള്ള പുതിയ ഓഫ്‌ഷോർ പ്രദേശങ്ങളിലാണ് വിപുലമായ എണ്ണ ഖനനം ലക്ഷ്യമാക്കുന്നത്.
യു എസിൽ തന്നെ എണ്ണ ചോർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനാൽ കിഴക്കൻ ഗൾഫ് ഓഫ് മെക്സിക്കോയിലെ ജലാശയങ്ങൾ ഉൾപ്പെടുന്ന പ്രദേശത്ത് ഖനനം നിർത്തിയതായിരുന്നു. അതത് ഫെഡറൽ സർക്കാരുകളും ഇതിന് അനുവദിച്ചിരുന്നില്ല. 1980 കൾ മുതൽ തന്നെ വിവാദത്തിലായ പദ്ധതിയാണ്.
റഷ്യ, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിച്ചിരിക്കയാണ്. നേരത്തെ ഇത്തരം ഉപരോധങ്ങളെ പരിസ്ഥിതിയുടെ പേരിലാണ് അമേരിക്ക ന്യായീകരിച്ചിരുന്നത്. എന്നാൽ പിന്നീട് ഭീകര പ്രവർത്തനങ്ങൾക്കും യുദ്ധങ്ങൾക്കും ഫണ്ട് ചെയ്യുന്നു എന്ന കാരണം ഉയർത്തിക്കൊണ്ടു വന്നു. ഇപ്പോൾ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം കാരണം മുടങ്ങിയ സ്വന്തം പദ്ധതികൾ പൊടിതട്ടിയെടുക്കുന്നു.
ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റതിനുശേഷം ആഗോള വിപണിയിൽ "ഊർജ്ജ ആധിപത്യം" എന്ന ലക്ഷ്യം ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനാൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണ കൂടം പിൻമാറിയ പദ്ധതികളാണ്.
കാലാവസ്ഥാ വ്യതിയാനത്തെ "ലോകത്തിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പ്" എന്നാണ് അടുത്തിടെ ട്രംപ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ നാഷണൽ എനർജി ഡോമിനൻസ് കൗൺസിൽ രൂപീകരിച്ച് ഊർജ്ജ ഉൽപ്പാദനം വർധിപ്പിക്കാൻ ആഹ്വാനം ചെയ്തു. എണ്ണ, കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വർദ്ധിപ്പിക്കുന്നതിന് തുടക്കമിട്ടു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ലോക രാജ്യങ്ങൾ ഒത്തുചേരുമ്പോഴാണ് നടപടി.
കാറ്റ് പോലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ പ്രയോജനപ്പെടുത്തുന്നത് രാജ്യത്ത് നിരുത്സാഹപ്പെടുത്തിയിരിക്കയാണ്. രാജ്യത്തുടനീളം, ശുദ്ധമായ ഊർജ്ജ പദ്ധതികളെ പിന്തുണയ്ക്കുന്ന നൂറുകണക്കിന് പദ്ധതികൾക്കായി നീക്കിവെച്ച കോടിക്കണക്കിന് ഡോളർ ഗ്രാന്റുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Related News
2028 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാനിയായി കണക്കാക്കുന്ന ഡെമോക്രാറ്റ് പക്ഷത്തെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഓഫ്‌ഷോർ ഡ്രില്ലിംഗ് പദ്ധതിയെ ശക്തമായി എതിർത്തിരുന്നു.
മാത്രമല്ല, കാലിഫോർണിയയിൽ നിന്നും ഫ്ലോറിഡയിൽ നിന്നുമുള്ള ജനങ്ങളുടെ ശക്തമായി എതിർപ്പും നിലനിൽക്കുന്നു. മെക്സിക്കോയുടെ മധ്യ ഉൾക്കടലിലെ പ്രദേശത്തോട് ചേർന്ന് ആയിരക്കണക്കിന് കിണറുകളും നൂറുകണക്കിന് ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമുകളും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
1969 ലെ സാന്താ ബാർബറ ചോർച്ച മുതൽ ഓഫ്‌ഷോർ എണ്ണ ഖനനം കാലിഫോർണിയയിൽ വലിയ എതിർപ്പ് നേരിടുന്നതാണ്. 1980 കൾ മുതൽ നിലവിലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഡ്രില്ലിംഗ് മാത്രമായി തുടരുകയായിരുന്നു. 2021 ൽ ഹണ്ടിംഗ്ടൺ ബീച്ചിൽ ഉണ്ടായ ചോർച്ചയും വ്യാപകമായ ആശങ്കകൾ ഉയർത്തി. ഇവയെല്ലാം മറികടന്നാണ് ഉർജ്ജ ആധിപത്യം എന്ന ലക്ഷ്യം പ്രഖ്യാപിച്ചത്.








0 comments