എം ആർ അജിത്കുമാറിനെതിരായ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; മുഖ്യമന്ത്രിക്കെതിരായ പരാമർശവും നീക്കി

എം ആർ അജിത്കുമാർ
കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. എഡിജിപിക്കെതിരായ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി. കേസിൽ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് അജിത്കുമാര്‍ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. നടപടിക്രമങ്ങൾക്ക് വിരുദ്ധമായാണ് വിചാരണക്കോടതി പ്രവർത്തിച്ചതെന്നും ഹൈക്കോടതി കണ്ടെത്തി.
അതോടൊപ്പം, കേസിൽ ഉത്തരവ് പറയവെ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിക്ക് വിജിലൻസ് റിപ്പോർട്ട് എങ്ങനെ അംഗീകരിക്കാനാകും, എഡിജിപിക്കായി അദൃശ്യശക്തികൾ പ്രവർത്തിച്ചു- എന്നിങ്ങനെയുള്ള പരാമർശങ്ങളായിരുന്നു വിജിലൻസ് കോടതി നടത്തിയത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളെല്ലാം ഹൈക്കോടതി റദ്ദാക്കി. പരാമർശങ്ങൾ അനുചിതമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ അനുമതി തേടിയശേഷം പരാതിക്കാരന് വേണമെങ്കിൽ പരാതിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അജിത്കുമാറിനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് വിജിലൻസ് മുഖ്യമന്ത്രിക്ക് നൽകിയത്. മുഖ്യമന്ത്രി ഈ റിപ്പോർട്ട് അംഗീകരിച്ചു. എന്നാൽ ഇതിനെതിരെ ഒരാൾ വിജിലൻസ് കോടതിയെ സമീപിച്ചപ്പോഴാണ് വിജിലൻസ് അന്വേഷണറിപ്പോർട്ട് കോടതി തള്ളിയത്. ഇതേത്തുടർന്നാണ് എഡിജിപി ഹൈക്കോടതിയെ സമീപിച്ചത്.









0 comments