ആരോഗ്യം‘ഐസിയു’വില്‍

ഗവ. മെഡിക്കൽ കോളേജിൽ നാലാം വാർഡിലും എട്ടാം വാർഡിലും നിലത്ത് കിടക്കുന്ന രോഗികൾ
കോഴിക്കോട്
പനിച്ചൂടിൽ വെന്തുരുകുമ്പോഴും രോഗങ്ങൾ പടർന്നു പിടിക്കുമ്പോഴും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഡോക്‌ടർമാരില്ല. ആവശ്യത്തിന് ഡോക്‌ടർമാരും ജീവനക്കാരുമില്ലാത്തതിനാൽ രോഗികൾ വലയുകയാണ്. സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന്റേതടക്കം 27 തസ്‌തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് ഒഴിവുകൾ നികത്താൻ തടസം. പിഎസ്‌സി ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് പോലും ജോലിയിൽ പ്രവേശിക്കാനാവാത്ത അവസ്ഥയാണ്. ഒരു ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസറുടെയും നാല് സിവിൽ സര്‍ജന്റെയും എട്ട് അസി. സർജൻമാരുടെയും ജനറൽ ആശുപത്രി റേഡിയോ ഡയഗ്‌നോസിസിൽ ഒരു സീനിയർ കൺസൾട്ടിന്റെയും ഒഴിവുണ്ട്. കാർഡിയോളജി, ന്യൂറോളജി, ഒഫ്‌താൽമോളജി, ഇഎൻടി, സർജറി തുടങ്ങിയ വിഭാഗങ്ങളിൽ ഒന്ന് വീതവും ഒബിജിയിൽ രണ്ടും കൺസൾട്ടന്റുമാരുടെ ഒഴിവുണ്ട്. ഒഫ്‌താൽമോളജി, ഇഎൻടി, ഒബിജി, പീഡിയാട്രിക്‌സ് ഒന്ന് വീതം ജൂനിയർ കൺസൾട്ടന്റുമാരുടെയും ഒഴിവുണ്ട്. സംസ്ഥാനത്താകെ വിവിധ തലങ്ങളിലായി 799 ഡോക്ടർമാരുടെ തസ്‌തികകളാണ് നികത്തപ്പെടാതെയുള്ളത്. പൊതുജനാരോഗ്യ മേഖലയുടെ പ്രവർത്തനം താളംതെറ്റിക്കുന്ന സമീപനമാണിതെന്ന് ജീവനക്കാരുടെ സംഘടനകളും പറയുന്നു. സ്ഥാനക്കയറ്റത്തിനായി ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്ആർ സെല്ലിന് രൂപം നൽകിയിട്ടുണ്ട്. എന്നാൽ ഇൗ അഞ്ചംഗ സമിതി പ്രവർത്തനം പൂർത്തിയാക്കി നടപടിയിലേക്ക് കടക്കാൻ ഡിസംബറെങ്കിലും ആകുമെന്നാണ് നിഗമനം. ജില്ലയാകെ പകർച്ചവ്യാധികളും രോഗങ്ങളും പടർന്നു പിടിക്കുമ്പോഴാണ് നിയമനത്തിലെ മെല്ലെപ്പോക്ക്. കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ള മൂന്നാമത്തെ ജില്ല കോഴിക്കോടാണ്. 985 പേരാണ് വ്യാഴാഴ്‌ച പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. 152 പേർ വയറിളക്കരോഗവും 13 പേർ ചിക്കൻ പോക്‌സും ആറ് പേർ ഇൻഫ്ലുവൻസ രോഗവുമായി ചികിത്സ തേടി. മുൻ ദിവസങ്ങളിലെ കണക്കുകളും വ്യത്യസ്‌തമല്ല.









0 comments