ഇന്ന് അധ്യാപക ദിനം
print edition അകക്കണ്ണാൽ പകർന്നു, അറിവും ആത്മവിശ്വാസവും


സ്വന്തം ലേഖകൻ
Published on Sep 05, 2026, 02:49 AM | 1 min read
തിരുവനന്തപുരം : ഓരോ വിദ്യാർഥിയുടെ ശബ്ദവും അവരുടെ പഠനമികവും തമാശകളും മനസ്സിൽ വരച്ചിട്ടൊരു രൂപമാണ് പി ഗോപന്റെ ശിഷ്യസമ്പത്ത്. കണ്ണിലെ ഇരുട്ടിനെ അറിവിന്റെ വെളിച്ചം പകർന്ന് തോൽപ്പിക്കുകയാണ് പാറശാല പൊഴിയൂർ ഗവ. യുപി സ്‌കൂളിലെ അധ്യാപകനായ പി ഗോപൻ. 19 വർഷത്തെ അധ്യാപനത്തിൽ ആയിരക്കണക്കിന് പേർക്ക് വിദ്യ പകർന്നു.
നെയ്യാറ്റിൻകര പൂഴിക്കുന്ന് വെട്ടുവിള വടക്കേത്തട്ട് പുത്തൻവീട്ടിൽ ഗോപന് ജന്മനാ പൂർണമായും കാഴ്‌ചയില്ലായിരുന്നു. വെളിച്ചംമാത്രം അറിയാനാകും. 2007ൽ പൊഴിയൂർ സ്‌കൂളിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ നാട്ടുകാർക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടായിരുന്നെന്ന് ഗോപൻ പറഞ്ഞു. കാഴ്‌ചയില്ലാത്ത ആൾ എങ്ങനെ പഠിപ്പിക്കും എന്നായിരുന്നു അവരുടെ സംശയം. ഒരു വർഷംകൊണ്ട് അത് മാറി.
മലയാളവും സാമൂഹ്യശാസ്‌ത്രവുമാണ് വിഷയം. നോട്ടുകൾ ലാപ്‌ടോപ്പിൽ തയ്യാറാക്കി വരും. ബോർഡിൽ എഴുതുന്നതിന് പകരം സമയാസമയത്ത് പ്രൊജക്‌ടർ വഴി ഇൗ നോട്ടുകൾ വിദ്യാർഥികൾക്ക് നൽകും. സാമൂഹ്യശാസ്‌ത്രത്തിൽ ചരിത്രപരമായ കാര്യങ്ങൾക്കും വിവിധ ഭൂപടങ്ങളടക്കം പഠിപ്പിക്കുന്നതിന് വീഡിയോയുടെ സഹായം തേടാറുണ്ട്.
കാഴ്‌ചപരിമിതി അധ്യാപനത്തിന് ഒരിക്കലും വെല്ലുവിളിയായിട്ടില്ലെന്ന് ഗോപൻ പറഞ്ഞു. അച്ഛനും കാഴ്‌ച ഇല്ലായിരുന്നു. കൂലിപ്പണി ചെയ്‌ത് കുടുംബം നോക്കിയ അച്ഛന് തനിക്കും തന്റെ സഹോദരിക്കും മികച്ച വിദ്യാഭ്യാസം നൽകി നല്ലൊരു ജോലി ലഭ്യമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നിലവിൽ നെയ്യാറ്റിൻകര സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ജീവനക്കാരിയായ സഹോദരി ലതയ്‌ക്കും കാഴ്‌ചയില്ല. വർക്കല ലൈറ്റ് ടു ദ ബ്ലൈൻഡ് സ്‌കൂളിലായിരുന്നു ഗോപൻ ഏഴുവരെ പഠിച്ചത്. തുടർന്ന് തിരുവനന്തപുരം എസ്‌എംവി സ്‌കൂളിലേക്ക് മാറി.
ബിരുദവും ബിരുദാനന്തര ബിരുദവും തൃശൂർ കേരളവർമ കോളേജിൽനിന്ന് സ്വന്തമാക്കി. അടുത്ത വർഷം മാർച്ചിൽ വിരമിക്കും. തുടർന്ന് പൊതുരംഗത്ത് സജീവമാകണമെന്നും ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കണമെന്നുമാണ് ഗോപന്റെ ആഗ്രഹം. എസ് ബിന്ദുവാണ് ഭാര്യ. അരുൺ തേജസ്, പ്രതിഭ എന്നിവർ മക്കൾ.










0 comments