ad
Deshabhimani

നാടിന്റെ തീരാനോവായി അനൈക്‌

മടിക്കൈ മൂന്ന്റോഡിൽ പൊതുദർശനത്തിനുവച്ച അനൈകിന്‌  അന്തിമോപചാരമർപ്പിക്കാനെത്തിയവർ
വെബ് ഡെസ്ക്

Published on Sep 05, 2026, 03:00 AM | 1 min read

മടിക്കൈ കളിചിരി മായുംമുന്പേ ഉറ്റവരെയും കൂട്ടുകാരെയും വിട്ട്‌ അവൻ യാത്രയായി. അങ്കണവാടി മുറ്റത്തെ കൊടിമരക്കയറിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിച്ച മടിക്കൈ മൂന്നുറോഡ് നാന്തൻ കുഴിയിലെ അനൈക്‌ (11) നാടിന്റെ തീരാനോവായി. കണ്ണീരും നിലവിളിയും വിതുമ്പലും ഘനീഭവിച്ച അന്തരീക്ഷത്തിൽ അന്തിമോപചാരമർപ്പിക്കാൻ നാടൊന്നാകെയെത്തി. ഏക മകനെ മരണം കവർന്നെടുത്ത ദുരന്തത്തിൽ തകർന്ന രക്ഷിതാക്കൾ രാജേഷിനെയും നീതുവിനെയും ആശ്വസിപ്പിക്കാൻ പോലുമാവാതെ നാട്ടുകാരും ബന്ധുക്കളും. വെള്ളി രാവിലെ 11.30 ഓടെ കാഞ്ഞിരപ്പൊയിൽ ഹൈസ്കൂൾ പരിസരത്തും പകൽ 12.30 ഓടെ മൂന്ന് റോഡിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. വ്യാഴം വൈകിട്ട് 4.30 ഓടെയാണ് കളിക്കുന്നതിനിടെ കൊടിമരക്കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി ദുരന്തമുണ്ടായത്. അനൈക് പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരും സഹപാഠികളും അന്ത്യോപചാരം അർപ്പിക്കാനെത്തിയ കാഴ്‌ച ഏവരുടെയും നെഞ്ചുലച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം, വൈസ് പ്രസിഡന്റ്‌ കെ കെ സോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുജാത, ബിന്ദു കൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ഗോവിന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി പ്രകാശൻ, എം രാജൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മൂന്ന് റോഡിലെ വീട്ടിലും ചെരണത്തലയിലെ തറവാട് വീട്ടിലും പൊതുദർശനത്തിനുശേഷം തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home