print edition ഏഷ്യൻ ഗെയിംസ് ഇനി 14 ദിവസം; ജപ്പാനിൽ മെഡൽ വീഴും

ലിജോ ഡേവിഡ് തോട്ടാൻ
സ്‌പോർട്‌സ് ലേഖകൻ
Published on Sep 05, 2026, 03:07 AM | 1 min read
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷനാണ്. 1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു. 4x400 മീറ്റർ റിലേയിൽ വെള്ളി നേടി. 2000 സിഡ്‌നി ഒളിമ്പിക്‌സ് റിലേ ടീം അംഗമായിരുന്നു. തൃശൂർ സ്വദേശിയാണ്. റെയിൽവേയിൽ ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്‌പെക്‌ടറായി ഷൊർണൂരിലെ സ്‌ക്വാഡിലാണ് ജോലി.
ജപ്പാനിലെ ഐചി–നഗോയ നഗരത്തിൽ 19 മുതൽ ഒക്‌ടോബർ നാലുവരെ നടക്കുന്ന ഗെയിംസിൽ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് അമ്പതുകാരൻ വിലയിരുത്തുന്നു.
ഒരുക്കം, സാധ്യതകൾ?
ജപ്പാനിലേക്ക് ഒരുങ്ങിയാണ് യാത്ര. കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനമാണ് ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഇത്തവണ 503 അംഗസംഘമാണ്. കഴിഞ്ഞ ഗെയിംസിൽ 100 മെഡൽ എന്ന കടമ്പ കടക്കാനായി. 28 സ്വർണമടക്കം 107 മെഡലാണ് നേടിയത്. 36 ഇനങ്ങളിൽ ഇക്കുറി മത്സരിക്കുന്നുണ്ട്. അത്‌ലറ്റിക്‌സിൽ 77 പേരുണ്ട്. ഗെയിംസ് ഇനങ്ങളിലും നല്ല പ്രതീക്ഷയുണ്ട്.
പുതിയ ചുമതല എങ്ങനെ?
അത്‌ലീറ്റും കോച്ചും ആയശേഷമുള്ള പുതിയ റോളാണിത്. ചീഫ് ഡി മിഷൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ട്രഷറർ സഹ്‌ദേവ് യാദവാണ്. ഡെപ്യൂട്ടികളായി ഞങ്ങൾ നാലുപേരുണ്ട്. ശരത് കമൽ, അളകനന്ദ അശോക്, അഞ്‌ലി ഭഗവത് എന്നിവരാണ് മറ്റ് ഡെപ്യൂട്ടികൾ. ടീമിന്റെ എന്താവശ്യവും നിറവേറ്റലാണ് ജോലി. 28 വർഷം മുമ്പ് അത്‌ലീറ്റായും ഇപ്പോൾ ടീമിന്റെ ചുമതലക്കാരനായും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത് വേറിട്ട അനുഭവമാണ്. രണ്ടും വ്യത്യസ്‌തമായ കാര്യങ്ങളാണ്. പുതിയ റോളിൽ ടീമിന് വേണ്ടതെല്ലാം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.








0 comments