print edition സംഘപരിവാർ കൽപ്പന; നശിപ്പിക്കുന്നു നാലുവർഷ ബിരുദം

സംഘപരിവാർ പരിപാടികളുടെ പിന്നാലെ പോകുന്ന വൈസ്‌ചാൻസലർ, പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാത്ത പുതിയ സിൻഡിക്കറ്റ് അംഗങ്ങൾ–എംജി സർവകലാശാല അക്കാദമിക് കലണ്ടർ താളംതെറ്റി. 2024 ജൂലൈയിൽ ആരംഭിച്ച നാലുവർഷ ബിരുദം നാല് സെമസ്‌റ്റർവരെ നല്ല രീതിയിൽ നടന്നു. ആദ്യ ബാച്ചിന്റെ അഞ്ചാം സെമസ്‌റ്ററാണ് നിലവിൽ. നാലുവർഷ ബിരുദം സമയബന്ധിതമായി നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ അക്കാദമിക് വിദഗ്‌ധരടങ്ങിയ മേൽനോട്ടസമിതിയെ നിയമിച്ചു. സിൻഡിക്കറ്റംഗത്തിന് പ്രത്യേക ചുമതലയും നൽകി. എന്നാൽ, പുതിയ സിൻഡിക്കറ്റിൽ ആർക്കും ചുമതലയില്ല.
ഈ അധ്യയനവർഷം മേൽനോട്ടസമിതി യോഗം ചേർന്നിട്ടുമില്ല.
നാലുവർഷ സംവിധാനത്തിൽ മൂന്ന് വർഷംകൊണ്ട് ബിരുദവും നാലുവർഷംകൊണ്ട് ഓണേഴ്‌സ് ബിരുദവും നേടാം. രണ്ടരവർഷമെടുത്ത് ബിരുദം നേടാൻ ആഗ്രഹിക്കുന്നവർക്ക് ‘എൻ മൈനസ് വൺ' രീതിയും ഉപയോഗിക്കാം. ഗവേഷണംകൂടി നാലുവർഷ കോഴ്സിന്റെ ഭാഗമാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കും. ഇവർക്ക് പിജിയില്ലാതെ നേരിട്ട് പിഎച്ച്ഡി പ്രവേശനം നേടാനും നെറ്റ് പരീക്ഷ എഴുതാനും കഴിയും. ഓണേഴ്‌സ് ബിരുദം നേടിയവർക്ക് പിജി അവസാന വർഷത്തേക്ക് നേരിട്ട് പ്രവേശനം (ലാറ്ററൽ എൻട്രി) ലഭിക്കും.
ഓണേഴ്സ് വിത്ത് റിസർച്ച് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാൻ ഉചിതമായ സ്ഥാപനങ്ങൾ ഏതൊക്കെ എന്ന് സർവകലാശാല ഇതുവരെ നിശ്‌ചയിച്ചിട്ടില്ല. കലാ-–കായിക മത്സരങ്ങളിലെ ഉന്നത വിജയികൾക്ക് ഗ്രേസ് മാർക്ക് മാനദണ്ഡം അടങ്ങിയ ഉത്തരവ് കഴിഞ്ഞ സിൻഡിക്കറ്റ് പുറത്തിറക്കി. അത് നടപ്പാക്കാൻ പുതിയ സിൻഡിക്കറ്റ് നടപടി എടുത്തിട്ടുമില്ല. പരിചയമുള്ള ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.








0 comments