റിസോർട്ട് നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം: ശാസ്ത്രീയ തെളിവെടുപ്പ് നടത്തി


സ്വന്തം ലേഖകൻ
Published on Sep 05, 2026, 03:52 AM | 1 min read
വെള്ളറട
റിസോർട്ട് നടത്തിപ്പുകാരനായ ആര്യനാട് ശ്യാം (സന്തോഷ്)നെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശത്തുനിന്ന് രക്തസാമ്പിളുകളും ആക്രമണത്തിന് ഗുണ്ടാസംഘം ഉപയോഗിച്ച സാമഗ്രികളും കണ്ടെടുത്തു. അഞ്ചംഗ സംഘത്തിലെ നാലുപേർ പിടിയിലായിട്ടുണ്ട്. ഇവരുടെ വിരലടയാളവും സംഭവസ്ഥലത്തുനിന്നും ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങളിൽനിന്നും ലഭിച്ച വിരലടയാളങ്ങളും ശാസ്ത്രീയമായി ഒത്തുനോക്കുന്നതിനാണ് പ്രാഥമിക പരിശോധന. കൂടുതൽ അക്രമികൾക്ക് ഇതിൽ പങ്കാളിത്തമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ്ഐ മനോജ്, അഡീഷണൽ എസ്ഐ അനിൽ, എഎസ്ഐമാരായ അശ്വതി, ഷീബ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. ശാസ്ത്രീയ അന്വേഷണത്തിലൂടെ ശേഖരിച്ച തെളിവുകൾ എത്രയും വേഗം കോടതിയിൽ ഹാജരാക്കും. അഞ്ചംഗ ഗുണ്ടാസംഘത്തിലെ പ്രധാനികൾ റിമാൻഡിലാണെങ്കിലും കേസിൽ ഉൾപ്പെട്ട മുഴുവൻ കുറ്റവാളികളെയും മറ്റ് സഹായികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.









0 comments