ad
Deshabhimani

ലാത്തികൾ തോൽക്കും; ഒരിഞ്ച്‌ പിന്നോട്ടില്ല

VAISHNAVI SHAJI SFI
avatar
ബിജോ ടോമി

Published on Sep 05, 2026, 02:45 AM | 1 min read

തിരുവനന്തപുരം: ഇടതുകണ്ണിന്‌ തൊട്ടുതാഴെയുള്ള മുറിവിൽനിന്ന്‌ ചോരയൊലിച്ചിറങ്ങുന്ന എസ്‌എഫ്‌ഐ നേതാവ്‌ വൈഷ്‌ണവി ഷാജിയുടെ ചിത്രം പൊലീസ്‌ ക്രൂരതയുടെ സാക്ഷ്യമായിരുന്നു. തലസ്ഥാനത്തെ പൊലീസ്‌ അതിക്രമത്തിന്‌ രണ്ടുദിവസത്തിന് ശേഷം, വ്യാഴാഴ്‌ച കോട്ടയം മെഡിക്കൽ കോളേജിൽനിന്ന്‌ മുറിവ്‌ ഡ്രസ്‌ ചെയ്‌ത്‌ വൈഷ്‌ണവി നേരെ എത്തിയത്‌ എസ്‌എഫ്‌ഐയുടെ കോട്ടയം എസ്‌പി ഓഫീസ്‌ മാർച്ചിന്‌ നേതൃത്വം നൽകാൻ. വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ നടന്ന കേരള സർവകലാശാല മാർച്ചിലാണ്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വൈഷ്‌ണവിയടക്കമുള്ളവരെ പൊലീസ്‌ ക്രൂരമായി മർദിച്ചത്‌. ബുധനാഴ്‌ചത്തെ സെക്രട്ടറിയറ്റ്‌ മാർച്ചിലും വിദ്യാർഥിവേട്ട തുടർന്നതോടെയാണ്‌ ഉണങ്ങാത്ത മുറിവുമായി പ്രതിഷേധത്തിനെത്തിയത്‌. ‘ലാത്തികൾ ഒടിയുന്നതുവരെ തല്ലിയാലും ആർഎസ്‌എസ്‌ അജൻഡയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരിഞ്ച്‌ പിന്നോട്ടില്ല’ – വിദ്യാർഥികളെ അഭിസംബോധന ചെയ്‌തുള്ള വാക്കുകളിൽ നിലപാടിന്റെ മൂർച്ച.


‘കണ്ണിന്‌ താഴെയുള്ള മുറിവ്‌ ആഴമുള്ളതാണ്‌. പുറത്തും അകത്തും തുന്നലുണ്ട്‌. അൽപ്പമൊന്ന്‌ മാറിയിരുന്നെങ്കിൽ ഞരമ്പ്‌ മുറിഞ്ഞ്‌ കാഴ്‌ച നഷ്ടമായേനെ. ഷീൽഡ്കൊണ്ടുള്ള തള്ളലിൽ ബാരിക്കേഡിലേക്കാണ്‌ വീണത്‌. കൈയിലെ മുറിവിൽ നാല്‌ തുന്നലുണ്ട്‌. കഠിനവേദനയുണ്ടെങ്കിലും സമരത്തിന്‌ ഇടവേളയില്ല. പ്രകോപനമില്ലാതെയാണ്‌ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചത്‌. വനിതാപൊലീസ്‌ ഇല്ലായിരുന്നു. അടിയേറ്റതോടെ മുഖം മരവിച്ചിരുന്നു. സംഘപരിവാർ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരായ സമരത്തെയാണ്‌ യുഡിഎഫ്‌ സർക്കാർ മൃഗീയമായി നേരിട്ടത്‌’–വൈഷ്‌ണവി പറഞ്ഞു.

കോട്ടയം എലിക്കുളം കുരിക്കൂട്ട്‌ ഷാജിയുടെയും സ്വപ്‌നയുടെയും മകളാണ്‌. വാഴൂർ എസ്‌വിആർ എൻഎസ്‌എസ്‌ കോളേജിലെ പഠനകാലത്താണ്‌ എസ്‌എഫ്‌ഐയിൽ സജീവമായത്‌. കോളേജ്‌ യൂണിയൻ ചെയർപേഴ്‌സണും വാഴൂർ ഏരിയ വൈസ്‌ പ്രസിഡന്റുമായിരുന്നു. 2019ൽ കോട്ടയം ജില്ലാ കമ്മിറ്റിയിലും 2022ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. എംജി സർവകലാശാലയിൽ നിന്ന്‌ ജൻഡർ സ്റ്റഡീസിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ വൈഷ്‌ണവി ഗവേഷണത്തിനുള്ള തയ്യാറെടുപ്പിലാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home