വികസനക്കുതിപ്പിൽ വിഴിഞ്ഞം; ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്’ (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ആരംഭിക്കാന്‍ കഴിയും. കൂടുതൽ കപ്പലുകൾ എത്തുന്നതോടെ സംസ്ഥാനത്തിനും വലിയ നേട്ടമാകും. കപ്പൽ ജീവനക്കാർക്ക് ക്രൂ ചെയ്ഞ്ചിന്റെ ഭാഗമായി കരയ്ക്കിറങ്ങാനാകുന്നതോടെ മേഖലയിൽ കൂടുതൽ വികസനത്തിന് വഴിതെളിയും. ഇനി വിനോദസഞ്ചാരികളെ ഇറക്കാനുള്ള അനുമതികൂടി ലഭിക്കണം.
കോവിഡ് കാലത്ത് മാരിടൈം ബോര്‍ഡിന്‍റെ കീഴിലുള്ള വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക അനുമതിയോടെ ക്രൂ ചെയ്ഞ്ച് നടത്തിയിരുന്നു. 10 കോടിയിലേറെ രൂപയുടെ അധികവരുമാനമാണ് അന്ന് സര്‍ക്കാരിന് ലഭിച്ചത്. ഇതിനിടെ ഇമിഗ്രേഷൻ വകുപ്പ് അപ്രതീക്ഷിതമായി ക്രൂ ചെയ്ഞ്ചിന് അനുമതി നിഷേധിച്ചു. ക്രൂ ചെയ്ഞ്ച് പുന:സ്ഥാപിച്ച് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
രാജ്യാന്തര കപ്പൽ ചാലിലൂടെ കടന്നു പോകുന്ന വലിയ കപ്പലുകളിലെ ക്യാപ്റ്റനടക്കമുള്ള ജീവനക്കാർ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി കരയിലിറങ്ങുകയും പകരം ജീവനക്കാർ കപ്പലിൽ കയറുന്നതുമാണ് ക്രൂ ചെയ്ഞ്ച്.
തുറമുഖത്തിന്റെ രണ്ടുമുതൽ നാലുവരെ ഘട്ടത്തിന്റെ നിർമാണം 2028 ഡിസംബറിനകം പൂർത്തീകരിക്കാനാണ് പദ്ധതി. 10,000 മുതൽ 15,000 കോടിയോളം രൂപവരെയാണ് നിർമാണം നടത്തുന്ന അദാനി പോർട്ട് മുടക്കുക. ഇൗ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് പണംമുടക്കേണ്ടതില്ല. പിപിപി പദ്ധതിയിൽ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ നിക്ഷേപമാണ് ഇതിലൂടെ വരാൻ പോകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ സമ്പദ്‌ഘടനയിൽ കുതിച്ചുചാട്ടമുണ്ടാകും.
രണ്ടാംഘട്ടം പൂർത്തിയാകുന്പോമ്പോഴേക്കും ചരക്ക് നീക്കത്തിനായി റെയിൽകണക്ടിവിറ്റിയും യാഥാർഥ്യമാകും. റോഡ്‌വഴിയുള്ള ചരക്കുനീക്കത്തിനുള്ള സൗകര്യം ഉടൻ ഒരുങ്ങും. ഇതിനുള്ള ഗേറ്റ് വേ കാർഗോ സംവിധാനമൊരുക്കൽ അന്തിമഘട്ടത്തിലാണ്.








0 comments