ബംഗളൂരു കവർച്ച കേസ്: പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; മറ്റ് പ്രതികൾക്കായി തിരച്ചിൽ

ബംഗളൂരു: ബംഗളൂരു കവർച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഗോവിന്ദരാജനഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അപ്പണ്ണ നായിക് ആണ് അറസ്റ്റിലായത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. മുൻ സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡ് ജീവനക്കാരനെയും അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
പണം കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന വാൻ സർവീസ് നടത്തിയിരുന്ന സിഎംഎസിൽ നിന്ന് അടുത്തിടെ രാജിവച്ചയാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാൾ മലയാളിയാണെന്നും റിപ്പോർട്ടുണ്ട്. കേസിൽ ഇരുവർക്കും പങ്കുണ്ടെന്ന് പ്രത്യേക സംഘങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ടുപേരും ഏകദേശം ആറ് മാസമായി പരസ്പരം ഫോൺ വിളിച്ചിരുന്നതായി സിഡിആർ പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തി.
ബംഗളൂരു പൊലീസ് ചെന്നൈയിൽ നിന്ന് പണം കണ്ടെത്തി. കവർച്ചാസംഘത്തിൽ ആറ് പേരാണുള്ളത്. പൊലീസ് കോൺസ്റ്റബിളാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. കവർച്ചയ്ക്ക് ഏകദേശം 45 മിനിറ്റിനുശേഷമാണ് പൊലീസ് കൺട്രോൾ റൂമിലേക്കുള്ള മുന്നറിയിപ്പ് ലഭിച്ചത്. ഇത്രയും വലിയ മോഷണം നടന്നിട്ടും അറിയിപ്പ് ലഭിക്കാൻ വൈകിയതിനാലാണ് പൊലീസ് സേനയിലേക്ക് തന്നെ സംശയമുണ്ടായത്.
കവർച്ച എങ്ങനെ?
ബംഗളൂരു നഗരത്തിൽ പട്ടാപ്പകലാണ് വൻ കവർച്ച നടന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7.11 കോടി രൂപയാണ് സംഘം കവർന്നത്. ജെപി നഗറിലെ എച്ച്ഡിഎഫ്‍സി ബാങ്കിൽനിന്നും ജീവനക്കാർ പണവുമായി സ്വകാര്യ കമ്പനിയുടെ വാനിൽ എടിഎമ്മിലേക്ക് പോകുകയായിരുന്നു. അശോക പില്ലറിന് സമീപമെത്തിയപ്പോൾ ടൊയോറ്റ കാറിൽവന്ന സംഘം വാനിന് കുറകെനിർത്തി.
ആർബിഐ ഉദ്യോഗസ്ഥരാണെന്നും രേഖകൾ പരിശോധിക്കണമെന്നും സംഘം ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാർ പ്രതികരിക്കുന്നതിന് മുൻപേ കവർച്ചാസംഘം പണത്തോടൊപ്പം അവരുടെ ഇന്നോവ കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റി. അതിനുശേഷം, സംഘം ഡയറി സർക്കിള്‍ ഭാഗത്തേക്ക് പോവുകയും, അവിടെവെച്ച് വാനിലെ ജീവനക്കാരെ വഴിയിൽ ഇറക്കിവിട്ട് പണവുമായി രക്ഷപ്പെടുകയുമായിരുന്നു.
റോഡ് ബ്ലോക്ക് ചെയ്തിട്ടും അതിർത്തി പരിശോധനകൾ കർശനമാക്കിയിട്ടും സംഘം രക്ഷപ്പെട്ടു. സംഘം കടന്നുകളഞ്ഞ വാഹനം പിന്നീട് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുപ്പതിക്ക് സമീപം കണ്ടെത്തി. മറ്റ് പ്രതികൾ തമിഴ്‌നാട്ടിലോ ആന്ധ്രാപ്രദേശിലോ ഒളിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ബംഗളൂരുവിലെ കല്യാൺ നഗർ പ്രദേശത്തുനിന്നുള്ളവരാണ് പ്രതികളെന്ന് സംശയമുണ്ട്. കൊള്ളക്കാരെ ഉടൻ കണ്ടെത്താനാകുമെന്ന് വിശ്വസിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 200 ലധികം ഉദ്യോഗസ്ഥരും എട്ട് പ്രത്യേക സംഘങ്ങളും കേസ് അന്വേഷത്തിലുണ്ട്.






0 comments