ആനന്ദിന്റെ നോവലുകൾ ചർച്ച ചെയ്ത് ചില്ല ഒക്ടോബർ വായന

റിയാദ് : നീതി, നിയമം, അധികാരം, രാഷ്ട്രസ്വത്വം, സമൂഹ്യ ജീവിതം, മാനവികത എന്നീ വിഷയങ്ങളെ വിശകലനം ചെയ്യുന്ന ആനന്ദിന്റെ നോവലുകൾ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഒക്ടോബർ വായന നടന്നു. അഭയാർത്ഥികൾ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് സതീഷ് വളവിൽ വായനക്ക് തുടക്കം കുറിച്ചു. മനുഷ്യരാശിയുടെ പക്ഷം ചേർന്നുകൊണ്ട്, സ്ഥലകാലങ്ങളെ അതിക്രമിച്ചു നീങ്ങുന്ന അഭയാർത്ഥികളുടെ നിരയെ നോവൽ ചിത്രീകരിക്കുന്നു എന്ന് സതീഷ് പറഞ്ഞു.
വ്യാസനും വിഘ്‌നേശ്വരനും എന്ന കൃതിയുടെ വായന സുരേഷ് ലാൽ പങ്കുവച്ചു. സ്വയം ആർജിച്ച വിദ്യ നഷ്ടപ്പെടുത്തികൊണ്ട് സ്വാതന്ത്ര്യം നേടേണ്ടിവരുന്നവർ, രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണെന്ന് വിളിച്ചു പറയുന്നതിന്റെ പേരിൽ ജനാധിപത്യവാദികളാൽ തന്നെ ആക്രമിക്കപ്പെടുന്നവരെല്ലാം നോവലിൽ ദൃശ്യമാകുന്നു.
ആനന്ദിന്റെ ആദ്യ നോവലായ ആൾക്കൂട്ടത്തിന്റെ വായന വിപിൻ കുമാർ പങ്കുവച്ചു. ജീവിതംകൊണ്ടും തൊഴിൽ കൊണ്ടും ആവശ്യങ്ങൾ കൊണ്ടും വ്യത്യസ്തരായ മനുഷ്യരുടെ വഴികളും ആൾക്കൂട്ടത്തിനിടയിലെ ഏകാന്ത സഞ്ചാരങ്ങളും ദാർശനിക പ്രശ്‌നങ്ങളും ചർച്ച ചെയ്യുകയാണ് ഈ കൃതി. അപഹരിക്കപ്പെട്ട ദൈവങ്ങൾ എന്ന നോവലിന്റെ വായന ഷിംന സീനത്ത് നിർവഹിച്ചു. ഏതെങ്കിലും ഒരു ദേശത്തു നിന്നോ വ്യവസ്ഥയിൽ നിന്നോ പുറത്തക്കപ്പെടുന്നവരുടെ ചരിത്രം തേടിയുള്ള യാത്രയുടെ കഥ പറയുന്ന ഈ നോവൽ തുടർച്ചയുള്ള മുറിവാണ് നൽകുന്നതെന്ന് ഷിംന പറഞ്ഞു.
മരുഭൂമിക്ക് നടുവിൽ തടവുകാരെയും ദരിദ്രരായ ഗ്രാമീണരെയും ഉപയോഗിച്ച് അതിനിഗൂഢ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്ന സ്റ്റേറ്റിന്റെ അധികാര ചൂഷണത്തിന്റെയും നീതി നിഷേധത്തിന്റെ കഥ പറയുന്ന മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിന്റെ വായന എം ഫൈസൽ നിർവഹിച്ചു. ജോമോൻ സ്റ്റീഫന്റെ ആമുഖത്തോടെ നടന്ന ചില്ല വായനയിൽ ബീന മോഡറേറ്റർ ആയിരുന്നു. ഫൈസൽ കൊണ്ടോട്ടി, ഇസ്മയിൽ വി പി, സുനിൽ, അബ്ദുൾ നാസർ, മുഹമ്മദ് ഇഖ്ബാൽ വടകര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് സീബ കൂവോട് സംസാരിച്ചു.







0 comments