തീപ്പന്തമായി സ്റ്റാർക്ക്, ഏഴ് വിക്കറ്റ്; ആഷസിൽ ഇംഗ്ലണ്ടിനെ തളച്ചിട്ട് ഓസീസ്

വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ | Photo: AFP
പെർത്ത്: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറക്കി ഓസ്ട്രേലിയ. 32.5 ഓവറുകള്‍ നേരിട്ട ഇംഗ്ലണ്ട് 172 റണ്‍സില്‍ ഓൾഓട്ടായി. ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലീഷ് ബാറ്റർമാരെ എറിഞ്ഞുതകർത്തത്. ആഷസ് ടെസ്റ്റിൽ 100 വിക്കറ്റ് എന്ന നേട്ടവും സ്റ്റാർക്ക് പെർത്തില്‍ നേടി.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം തന്നെ പാളി. ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണർ സാക് ക്രൗലിയെ സ്റ്റാർക്ക് ഉസ്മാൻ ഖവാജയുടെ കൈകളിലെത്തിച്ചു. ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (0), എന്നിവരെയും പുറകെ സ്റ്റാർക്ക് മടക്കി. ഹാരി ബ്രൂക്കാണ് (61 പന്തിൽ 52) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഒലി പോപ് (46), ജെയ്മി സ്മിത്ത് (33) എന്നിവരും സ്കോർ ഉയർത്താൻ ശ്രമിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലായ ഇംഗ്ലണ്ടിന് 67 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.
ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള പോരാട്ടത്തിന്റെ 74–ാം പരമ്പരയാണ് ഇത്തവണ. 34 എണ്ണത്തിൽ കംഗാരുപ്പട ജയിച്ചു. ഇംഗ്ലണ്ടിന് 32 ജയമുണ്ട്. ഏഴ് പരമ്പര സമനിലയായി. കഴിഞ്ഞ തവണ 2–2ന് പിരിയുകയായിരുന്നു. ഇംഗ്ലണ്ടായിരുന്നു കഴിഞ്ഞ തവണ ആതിഥേയർ.
1882ൽ തുടങ്ങിയ ആഷസിൽ ആകെ 361 മത്സരം നടന്നു. ഓസ്‌ട്രേലിയ 142ൽ ജയിച്ചു. ഇംഗ്ലണ്ട് 110ലും. 93 എണ്ണം സമനിലയായി.







0 comments