പ്രതിഭാ അന്തർദേശീയ നാടക പുരസ്‌കാരത്തിന് സൃഷ്ടി ക്ഷണിച്ചു

മനാമ: നിരവധി നാടകാനുഭവങ്ങൾ സമ്മാനിച്ച പുരോഗമന കലാ, സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ബഹ്‌റൈൻ പ്രതിഭ 2025ലെ പ്രതിഭ അന്തർദേശീയ നാടക പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. 25,000 രൂപയുടെ ക്യാഷ് അവാർഡും പപ്പൻ ചിരന്തന സ്മാരക ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തികൾഅടങ്ങുന്ന ജൂറിയാണ് മികച്ച രചന തിരഞ്ഞെടുക്കുക.
പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന മൗലീകമായതായിരിക്കണം രചന. ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാം. 2024 ജനുവരി ഒന്നിന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക. ലോകത്തിൽ എവിടെ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്കും രചനകൾ അയക്കാം.
നാടക രചനകൾ 2025 ആഗസ്ത് 15 നകം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ പിഡിഎഫ് ആയി ലഭിക്കണം. രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ രചനയിൽ ഉണ്ടാകാൻ പാടില്ല. പകരം, രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്നും പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, നാടക വേദി കൺവീനർ എൻകെ അശോകൻ എന്നിവർ അറിയിച്ചു.









0 comments