റമദാനിലെ വെള്ളിയാഴ്ചകളില്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും വിദൂര പഠനരീതി സ്വീകരിക്കാം: ഷെയ്ഖ് ഹംദാന്‍

distant education
വെബ് ഡെസ്ക്

Published on Mar 03, 2025, 03:45 PM | 2 min read

ദുബായ്: റമദാന്‍ മാസത്തിലെ വെള്ളിയാഴ്ച ദിവസങ്ങളില്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികള്‍ക്ക് വിദൂര പഠനം തിരഞ്ഞെടുക്കാം. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, വെള്ളിയാഴ്ചകളില്‍ നേരിട്ടുള്ള നിര്‍ബന്ധ പരീക്ഷകള്‍ ഉള്ള വിദ്യാര്‍ത്ഥികളെ ഈ ക്രമീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്തരം വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും സ്‌കൂളില്‍ നേരിട്ട് ഹാജരാവണം.


വീട്ടില്‍ ആളുകളില്ലാത്തത് ഉള്‍പ്പെടെ ഏതെങ്കിലും കാരണത്താല്‍ വിദൂര പഠന രീതി അനുയോജ്യമല്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ നേരിട്ടെത്തി ക്ലാസ്സില്‍ ഹാജരാവാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി. റമദാന്‍ മാസത്തിലെ എല്ലാ ആഴ്ചയിലെയും വെള്ളിയാഴ്ച പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികള്‍ക്ക് വിദൂര പഠന ദിനമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ദുബായിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ബാധകമാക്കിയത്.


'കുടുംബത്തോടൊപ്പം റമദാന്‍' എന്ന പേരില്‍ പൊതുവിദ്യാഭ്യാസ വിദ്യാർഥികള്‍ക്കായി മന്ത്രാലയം ഒരു സംരംഭം ആരംഭിച്ചതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. നേരത്തെ, പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം റമദാന്‍ പ്രമാണിച്ച് ചുരുക്കിയിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയാണ് കുറച്ചത്.


ഇക്കാര്യത്തില്‍ ആവശ്യമായ വിട്ടുവീഴ്ചകള്‍ നല്‍കാനും മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ജീവനക്കാര്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ 3.5 മണിക്കൂര്‍ കുറവും വെള്ളിയാഴ്ചകളില്‍ 1.5 മണിക്കൂര്‍ കുറവും ജോലി ചെയ്താല്‍ മതിയാവും. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക്, വിശുദ്ധ മാസത്തില്‍ ജോലി സമയം പ്രതിദിനം രണ്ട് മണിക്കൂര്‍ കുറച്ചിട്ടുണ്ട്.


അതേസമയം, ജീവനക്കാരുടെ ജോലിക്കാര്യത്തിലും വ്യത്യസ്ത നിലപാടുമായി ദുബായ് ഭരണകൂടം രംഗത്തെത്തി. ജീവനക്കാരെ പ്രതിദിനം മൂന്ന് മണിക്കൂര്‍ വീതം ഫ്ക്‌ളക്‌സിബ്ള്‍ രീതിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ദുബായ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെൻ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ ജീവനക്കാര്‍ അഞ്ചര മണിക്കൂര്‍ ജോലി പൂര്‍ത്തിയാക്കിയിക്കണം എന്ന നിബന്ധനയോടെയാണിത്.


വെള്ളിയാഴ്ചകളില്‍, പൊതുമേഖലാ ജീവനക്കാര്‍ മൂന്ന് മണിക്കൂര്‍ ജോലി ചെയ്താല്‍ ഫ്ളെക്സിബിള്‍ ജോലിക്ക് അര്‍ഹരാകും. ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്.


റമദാന്‍ സമയത്ത് നിശ്ചിത സമയത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയോ ഓവര്‍ടൈം ജോലി ചെയ്തതിന് പ്രതിഫലം നല്‍കാതിരിക്കുകയോ ചെയ്താല്‍, തൊഴിലുടമകള്‍ക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ പരാതി നല്‍കാന്‍ തൊഴിലാളികള്‍ക്ക് അനുവാദമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home