റംസാനിൽ വില വർധിക്കില്ല; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി

ദുബായ് : റംസാൻ മാസത്തിൽ അവശ്യ സാധനങ്ങളുടെ വില വലിയ തോതിൽ വർധിക്കുന്ന പതിവു രീതി യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇത്തവണ ഉണ്ടാവാതിരിക്കുവാൻ അധികൃതർ നടപടികൾ തുടങ്ങി. പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, ബ്രെഡ്, ഗോതമ്പ് എന്നീ ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങള്‍ക്ക് പുതിയ വിലനിര്‍ണയ നയം നടപ്പിലാക്കുന്നതില്‍ പ്രധാന ചില്ലറ വ്യാപാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വില അന്യായമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മർരി പറഞ്ഞു.
ഇത്തരം അടിസ്ഥാന ഉപഭോക്തൃ ഇനങ്ങളുടെ വില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അല്‍ മർരിയുടെ നേതൃത്വത്തിലുള്ള സംഘം യൂണിയന്‍ കോപ്പ്, ലുലു തുടങ്ങി പ്രധാന ഔട്ട്‌ലെറ്റുകളിൽ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കും പുതിയ വിലനിര്‍ണയ നയം നടപ്പിലാക്കുന്നതില്‍ വില്‍പ്പന ഔട്ട്‌റ്റുകള്‍ എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്നും വില അന്യായമായി ഉയര്‍ത്തുന്നില്ലെന്നും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്ന വിലകള്‍ വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ആണ് പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
റംസാന്‍ മാസത്തിനു മുന്നോടിയായി യുഎഇയില്‍ അടിസ്ഥാന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലയിൽ ന്യായീകരിക്കാനാവാത്ത വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 2024 ഡിസംബറില്‍, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും മത്സരം വര്‍ധിപ്പിക്കുന്നതിനുമായി മുന്‍കൂര്‍ അനുമതിയില്ലാതെ ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിൽ നിന്ന് രാജ്യത്തെ ചില്ലറ വ്യാപാരികളെ സാമ്പത്തിക മന്ത്രാലയം നിയമം മൂലം വിലക്കിയിരുന്നു.
2025 മുതല്‍ അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ രണ്ട് വില വര്‍ധനവുകള്‍ക്കിടയില്‍ കുറഞ്ഞത് ആറ് മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. പുതിയ നയം ചില്ലറ വ്യാപാരികളോട് സാധനങ്ങളുടെ വില വ്യക്തമായി പ്രദര്‍ശിപ്പിക്കാനും ആവശ്യപ്പെടുകയുണ്ടായി.
2025 മാര്‍ച്ച് ഒന്നിന് യുഎഇയില്‍ വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. റംസാന്‍ മാസത്തില്‍ രാജ്യത്തെ പൗരന്മാരും താമസക്കാരും വലിയ ഇഫ്ത്താർ ഒത്തുചേരലുകള്‍ സംഘടിപ്പിക്കുകയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കുകയും ചെയ്യുന്നതിനാല്‍ യുഎഇയില്‍ ഉപഭോക്തൃ ചെലവ് കുതിച്ചുയരുകയാണ് പതിവ്. എന്നാൽ ഡിസംബറിൽ നിലവിൽ വന്ന പുതിയ നിയമം ഇക്കാര്യത്തിൽ ഒരു മാറ്റത്തിന് കാരണമാവുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ താമസക്കാർ.
'പുതിയ വിലനിര്‍ണ്ണയ നയത്തിന്റെ വിജയകരമായ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക, വിപണി മേല്‍നോട്ടം വര്‍ദ്ധിപ്പിക്കുക, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസൃതമായി സേവനങ്ങളും സാധനങ്ങളും ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ സന്ദർശന വേളയിൽ ഔട്ട്‌ലെറ്റുകളിലെ സാധനങ്ങളുടെ വിലയുടെ സ്ഥിരതയെക്കുറിച്ച് ഷോപ്പര്‍മാരുടെ അഭിപ്രായങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽ പെടുന്നവർ അക്കാര്യം മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.









0 comments