മലയാളം മിഷൻ 'സുഗതാഞ്ജലി' : സൗപർണികയും നേഹയും ഗ്രാൻഡ് ഫിനാലെയിൽ

ജിദ്ദ > സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫൈനൽ മത്സരത്തിൽ സൗദിയിൽ നിന്നുള്ള സൗപർണിക അനിൽ (ദമ്മാം) സബ്‌ജൂനിയർ വിഭാഗത്തിലും നേഹ പുഷപരാജ് (റിയാദ്) സീനിയർ വിഭാഗത്തിലും വിജയികളായി ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതോളം രാജ്യങ്ങളിൽ നിന്നും 26 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചാപ്റ്റർ തല വിജയികളിൽ നിന്നാണ് ഇവർ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് വെച്ച് സുഗതാഞ്ജലി ഗ്രാൻഡ് ഫിനാലെ നടത്തുമെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അറിയിച്ചു. മലയാളത്തിലെ പ്രമുഖ കവികളടങ്ങിയ വിധിനിർണയ സമിതിയാണ് ഫൈനൽ മത്സര വിജയികളെ തെരഞ്ഞെടുത്തത്. ഗ്രാൻഡ് ഫിനാലെയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മലയാളം മിഷൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
അൽജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സൗപണിക വെസ്റ്റ്‌ലൈൻ കോർപ്പറേറ്റ് കമ്പനിയിലെ ബിസിനസ് ഡെവലപ്പമെൻറ് ഓഫീസറായ അനിൽ കുമാറിന്റെയും അധ്യാപികയായ രെഹ്‌ന അനിലിന്റെയും മകളാണ്. റിയാദ് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനായ പുഷപരാജിന്റെയും സന്ധ്യ പുഷ്പരാജിന്റെയും മകളായ നേഹ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇരുവരും മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്ററിനു കീഴിലുള്ള പഠനകേന്ദ്രങ്ങളിലെ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിതാക്കളാണ്.









0 comments