മുന്നറിയിപ്പുമായി കുവൈത്ത്‌ കാലാവസ്ഥാ വകുപ്പ്; വെള്ളിവരെ കനത്ത ചൂടും പൊടിക്കാറ്റും

dust strom
avatar
സ്വന്തം ലേഖകൻ

Published on Jul 02, 2025, 02:25 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിവരെ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടിപടലങ്ങൾ ഉയരുകയും തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത 1000 മീറ്ററിൽ താഴെയാകുകയും ചെയ്യും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്‌. പകൽ താപനില 49 ഡിഗ്രിയും രാത്രി 34 ഡിഗ്രിയുംവരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പകൽ സമയത്ത് കാലാവസ്ഥ വളരെയധികം ചൂടും പൊടിപടലങ്ങളും നിറഞ്ഞതായിരിക്കും. രാത്രിയിലും ചൂട് നിലനിൽക്കും. തിരമാല ആറടിവരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ യാത്രകൾ പരമാവധി ഒഴിവാക്കണം.


ഹൈവേകളിൽ വാഹനം ഓടിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി ആവശ്യപ്പെട്ടു. ആസ്തമയോ അലർജിയോ ഉള്ളവർ പുറത്തുപോകുമ്പോൾ മാസ്‌ക്‌ ധരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദം വ്യാപിച്ചതും വടക്കുപടിഞ്ഞാറൻ വരണ്ട കാറ്റുകൾ കുവൈത്തിൽ എത്തുന്നതുമാണ് ഇത്തവണത്തെ കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണങ്ങളെന്ന് അധികൃതർ വ്യക്തമാക്കുന്നു. വ്യാഴംമുതൽ കുവൈത്തിൽ ‘ഒന്നാം ജെമിനി’ സീസണിന് തുടക്കമാകും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനിലയിൽ ഗണ്യമായ വർധനയും വരൾച്ചയും ചൂടേറിയ കാറ്റും അനുഭവപ്പെടും. തുടർന്ന്‌ ‘രണ്ടാം ജെമിനി’ സീസൺ ആരംഭിക്കും. ഈ സമയത്തും ശക്തമായ കാറ്റും താപനില വർധനവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home