25-ാമത് കെഎസ്‍സി - ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ്; വേദ ആയുർവേദ ചാമ്പ്യന്മാർ

volleyball tournament
വെബ് ഡെസ്ക്

Published on Jul 10, 2025, 05:26 PM | 2 min read

അബുദാബി : ലൈഫ് ലൈൻ ഹോസ്പിറ്റൽ, സ്പോർട്സ് കൗൺസിൽ അബുദാബി എന്നിവയുടെ സഹകരണത്തോടെ നടന്ന 25-ാമത് കെഎസ്‍സി - ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ എൽഎൽഎച്ച് അബുദാബിയെ പരാജയപ്പെടുത്തി കേരള പൊലീസ് വോളിബോൾ ടീം നയിച്ച വേദ ആയുർവേദ ജേതാക്കളായി. എൽഎൽഎച്ച് ഹോസ്പിറ്റൽ ടീം റണ്ണേഴ്‌സ് അപ്പ് ആയി.


മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷ‍‍‍‍നായി. കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ ഭാഗമായി വോളിബാൾ താരങ്ങൾക്കു നൽകി വരുന്ന ഈ വർഷത്തെ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് അന്താരാഷ്ട്ര വോളീബോൾ താരവും മുൻ ഇന്ത്യൻ കാപ്റ്റനുമായ എസ് എ മധുവിന് ബുർജീൽ ഹോൾഡിങ്‌സ് കോ സിഇഒ സഫീർ അഹമ്മദ്,അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി എന്നിവർ സമ്മാനിച്ചു.


ടൂർണമെന്റ് കൺവീനർ സലിം ചിറക്കലും സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫും സമ്മാനദാനത്തിനു നേതൃത്വം വഹിച്ചു. ചാമ്പ്യൻ ട്രോഫി വേദ ആയുർവേദിക് ടീമിനു ബുർജീൽ ഹോൾഡിങ്‌സ് കോ.സിഇഒ സഫീർ അഹമ്മദ്, അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി, ബുർജീൽ ഹോൾഡിങ്‌സ് റീജിയണൽ ഓപ്പറേഷൻ ഡയറക്ടർ നരേന്ദ്ര സോണിഗ്ര, ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ എന്നിവർ ചേർന്ന് സമ്മാനിച്ചു. വിജയികൾക്ക് ഒന്നാം സമ്മാനമായി എൽഎൽഎച്ച് ഹോസ്പിറ്റൽ നൽകുന്ന എവർ റോളിങ്ങ് ട്രോഫിയോടൊപ്പം 50,000 ദിർഹം സമ്മാനതുകയും വിതരണം ചെയ്തു


റണ്ണേഴ്‌സ് അപ്പ് ട്രോഫി എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിനു ബുർജീൽ ഹോൾഡിങ്‌സ് കോ.സിഇഒ സഫീർ അഹമ്മദ്, അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി, ബുർജീൽ ഹോൾഡിങ്‌സ് റീജിയണൽ ഓപ്പറേഷൻ ഡയറക്ടർ നരേന്ദ്ര സോണിഗ്ര, ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ എന്നിവർ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് അയൂബ് മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും 30,000 ദിർഹം സമ്മാന തുകയും വിതരണം ചെയ്തു.


മികച്ച കളിക്കാരനായി വേദ ആയുർവേദയുടെ രാഹുൽ, മികച്ച അറ്റാക്കറായി എൽഎൽഎച്ച് അബുദബിയുടെ ഷബീർ, മികച്ച ബ്ലോക്കറായി വേദയുടെ നിർമൽ, മികച്ച സെറ്റപ്പറായി വേദയുടെ തന്നെ മുബഷിർ, മികച്ച ലിബറോയായി എൽ എൽ എച്ച് അബുദബിയുടെ റസ, മികച്ച പ്രതീക്ഷയുള്ള കളിക്കാരനായി ചികീസിലെ ജാസിമിൻ, ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി വേദയിലെ എറിൻ വർഗീസ് എന്നിവരെ തെരഞ്ഞെടുത്തു. മത്സരം നിയന്ത്രിച്ച റഫറി മാർക്കും ലൈൻ അമ്പയർ മാർക്കും ബോൾ ബോയ്സിനും അനൗൺസർസിനും പാരിതോഷികങ്ങൾ നൽകി. സെന്റർ ജനറൽ സെക്രെട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സ്പോർട്സ് സെക്രട്ടറി മൊഹമ്മദ്‌ അലി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home