യുകെയിലെ പുതിയ കുടിയേറ്റ നയം: ആശങ്കകൾ ചർച്ച ചെയ്ത് കൈരളി യുകെ

ലണ്ടൻ: ബ്രിട്ടീഷ് യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമെർ അവതരിപ്പിച്ച പുതിയ കുടിയേറ്റന്മേലുള്ള ആശങ്കകൾ ചർച്ച ചെയ്ക് കൈരളി യുകെ. സർക്കാർ നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. വലതുപക്ഷ പാർട്ടികൾ മുന്നോട്ട് വെയ്ക്കുന്ന കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ പുതിയ നയത്തിന്റെ കാതൽ. ഇത് ബ്രിട്ടനിൽ കുടിയേറിപ്പാർത്ത ഒട്ടനവധി പ്രവാസികളുടെയും വിദ്യാർഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കുകയാണെന്നും കൈരളി യുകെ സംഘടിപ്പിച്ച ഓൺലൈൻ യോഗം അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹത്തിന്റെ വളർന്നു വരുന്ന ആശങ്കകൾ ചർച്ചചെയ്യാനും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിന് സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു. ബ്രിട്ടീഷ് മുൻ എംപി യും സ്കോട്ടിഷ് നാഷണൽ പാർടി നേതാവുമായ മാർട്ടിൻ ഡേ, പ്രമുഖ അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വിശദീകരിച്ചു.
പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പലർക്കുമുള്ളത്. ഈ മാറ്റങ്ങൾ യുകെയുടെ സമ്പദ്‌വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും, നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കൈരളി യുകെ സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് സംസാരിച്ചു.
ചർച്ചയുടെ പൂർണരൂപം യൂടൂബിൽ കാണാം- https://youtu.be/tlS9SzPogqA









0 comments