ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടൽ; മലയാളി യുവാവ് നാട്ടിൽ തിരിച്ചെത്തി

ദമ്മാം: അബുദാബിയിലേക്ക് പുതിയ ജോലി തേടി എത്തിയ തിരുവനന്തപുരം സ്വദേശിയെപ്പറ്റി വിവരം ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി പ്രവർത്തകർ നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവിനെ കണ്ടെത്തി നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വിനെയാണ് നാട്ടിലേക്ക് സുരക്ഷിതമായി എത്തിച്ചത്. അബുദാബിയിൽ എത്തി ഹോട്ടൽ മുറിയെടുത്തു താമസിക്കുകയായിരുന്ന അശ്വിൻ വീട്ടുകാരോട് ബന്ധപ്പെടുകയോ, ജോലിക്ക് റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല. പരിഭ്രാന്തരായ ബന്ധുക്കൾ കഴിയുന്ന അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒരാഴ്ചയായി വിവരങ്ങൾ കിട്ടിയിരുന്നില്ല.
അശ്വിന്റെ സഹോദരിയുടെ സൗദിയിൽ ഉള്ള ബന്ധു ദമ്മാം നവോദയയുടെ പ്രവർത്തകനും സൗദിയിൽ ഇന്ത്യൻ എംബസി വോളന്റീറും ആയ മാത്തുക്കുട്ടി പള്ളിപ്പാടിനെ വിവരം അറിയിക്കുകയും, മാത്തുക്കുട്ടി ഇടപെട്ട് അബുദാബി ശക്തിയുടെ കേന്ദ്രകമ്മറ്റി അംഗം കൃഷ്ണകുമാർ, ശക്തി പ്രവർത്തകൻ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. തുടർന്ന് അശ്വിനെ ഒരു ഫ്ലാറ്റിൽ കണ്ടെത്തി. സെക്യൂരിറ്റിയുടെ സഹായത്താൽ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അശ്വിനു വേണ്ട സഹായങ്ങൾ ചെയ്തു. വീട്ടുകാരുമായി ബന്ധപ്പെട്ട് ടിക്കറ്റ് എടുത്തു അബുദാബി ശക്തി പ്രവർത്തകർ എയർപോർട്ടിൽ എത്തിച്ചു നാട്ടിലേക്ക് അയക്കുകയായിരുന്നു.









0 comments