ഹൈഫ തുറമുഖത്തിനെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് ഹൂതികൾ

അനസ് യാസിൻ
Published on May 21, 2025, 03:38 PM | 2 min read
മനാമ: ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമായ ഹൈഫക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് ഹൂതികൾ. ഹൈഫ തുറമുഖത്തേക്കും തിരിച്ചുമുള്ള എല്ലാ കടൽ ഗതാഗതവും നിരോധിച്ചതായി ഹൂതി മിലിഷ്യ അറിയിച്ചു. ഗാസാ ചീന്തിലെ ഇസ്രയേലിന്റെ ക്രൂരമായ ആക്രമണങ്ങൾക്കും ഉപരോധത്തിനും മറുപടിയായാണ് യമൻ സായുധ സേനയുടെ ഉപരോധമെന്ന് മിലിഷ്യ വക്താവ് യഹിയ സാരി അറിയിച്ചു. ഗാസയിൽ സയണിസ്റ്റ് സംഘം നിരപരാധികളെയും സാധാരണക്കാരെയും ലക്ഷ്യമിടുകയാണ്. ഇത് അവസാനിപ്പിക്കുംവരെ കടൽ ഉപരോധം തുടരും.
ഉപരോധം ലംഘിക്കുന്ന കപ്പൽ കമ്പനികളെ അധിനിവേശ സയണിസ്റ്റ് സ്ഥാപനത്തിന്റെ പിന്തുണക്കാരായി കാണുകയും അവർക്കെതിരെയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്യും. ഈ കമ്പനികളുടെ കപ്പലുകൾ ചെങ്കടൽ, ബാബ് അൽമന്ദബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ, അറേബ്യൻ കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്നതിൽ നിന്ന് വിലക്കും. യമൻ സായുധ സേനക്ക് എവിടെവരെ എത്താമോ അവിടെ വരെ ഈ കപ്പലുകളെ ലക്ഷ്യമിടുമെന്നും സാരി അൽ മാസിറ ടിവിയിൽ അറിയിച്ചു. ഉപരോധപട്ടികയിൽ ഇടംപിടിച്ച കപ്പൽ കമ്പനികളുമായി ഇടപാടുകളിൽ ഏർപ്പെടുന്നവർക്കെതിരെയും ഉപരോധം പ്രഖ്യാപിക്കും.
കിഴക്കൻ മധ്യദ്ധര്യാഴിയിലെ ഇസ്രയേലിന്റെ സുപ്രധാന തുറമുഖമാണ് ഹൈഫ. 2022 ജൂലായ് മുതൽ അദാനി ഗ്രൂപ്പിന്റെയും ഗദോത്ത് ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള തുറമുഖത്തിൽ ഓരോ വർഷവും രണ്ട് കോടി ടണ്ണിന്റെ ചരക്ക് നീക്കം നടക്കുന്നുണ്ട്. വൻ തോതിൽ ക്രൂയിസ് കപ്പലുകളും ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.
നേരത്തെ ഗാസാ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനെ പിൻതുണക്കുന്ന കപ്പലുകളെ ഹൂതികൾ ആക്രമിക്കാൻ തുടങ്ങിയതിനെ തുടർന്ന് തുറമുഖത്തിന് വലിയ നഷ്ടം നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ജൂൺ ആറിന് ഹൈഫ തുറമുഖത്ത് മൂന്നു കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയിരുന്നതായി ഹൂതി മിലിഷ്യ അറിയിച്ചിരുന്നു.
ഗാസ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ മാർച്ച മുതൽ ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾക്കെതിരെ ഹൂതികൾ ഉപരോധം പുനരാരംഭിച്ചു. മെയ് നാലിന് ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഹൂതി മിസൈൽ ആക്രമണത്തെ തുടർന്ന് നിരവധി അന്താരാഷ്ട്ര എയർലൈൻസുകൾ സർവീസ് നിർത്തിവെച്ചിരുന്നു.
ഈ മാസം ആദ്യം ഒമാൻ മധ്യസ്ഥതയിലുണ്ടായ വെടിനിർത്തൽ കരാർ പ്രകാരം അമേരിക്ക യമനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുകയും ഹൂതികൾ യുഎസ് കപ്പലുകളെ ആക്രമിക്കുന്നത് നിർത്തുകയും ചെയ്തു. ഹൂതികൾ ഇസ്രായേലിനെതിരായ ആക്രമണം നിർത്തുന്നത് കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു ഒരു കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർബന്ധിതനായി എന്ന് മെയ് 12 ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.









0 comments