എമിറേറ്റ്സ് റോഡ് വികസനം പ്രഖ്യാപിച്ചു

ഷാർജ : എമിറേറ്റ്സ് റോഡിൻ്റെ ശേഷി വർധിപ്പിക്കാനുള്ള പദ്ധതി ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സമഗ്ര ദേശീയ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റോഡ് വികസനം. രാജ്യത്തുടനീളമുള്ള മൊബിലിറ്റി, ചരക്ക് ഗതാഗതം, സേവന പ്രവാഹം തുടങ്ങിയ മേഖലകളിൽ ക്രിയാത്മക ഫലം വികസനത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ ഷാർജയിലെ അൽ ബദി ഇൻ്റർചേഞ്ചുമുതൽ ഉം അൽ ഖുവൈൻ എമിറേറ്റുവരെ 25 കിലോമീറ്റർ നീളത്തിൽ ഓരോ ദിശയിലും മൂന്നുമുതൽ അഞ്ചുവരികളായി റോഡ് വികസിപ്പിക്കും.
മണിക്കൂറിൽ ഏകദേശം 9000 വാഹനം കടന്നുപോകാൻ കഴിയും വിധമാണ് നവീകരണം. എമിറേറ്റ്സ് റോഡിലെ ഇൻ്റർചേഞ്ച് നമ്പർ ഏഴിന്റെ സമഗ്രമായ നവീകരണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 75 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2025 സെപ്തംബറിൽ ആരംഭിക്കുകയും രണ്ടു വർഷത്തിനുള്ളിൽ പൂർത്തികരിക്കുകയും ചെയ്യും. റാസൽഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചും യാ ത്ര ചെയ്യുന്നവരുടെ യാത്രാസമയം 45 ശതമാനംവരെ ഗണ്യമായി കുറയ്ക്കുന്നതാണ് ഈ വികസനം. ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന പ്രധാന ഫെഡറൽ റോഡുകളിലൊന്നാണ് എമിറേറ്റ്സ് റോഡ്.









0 comments