അരങ്ങത്ത് വിസ്മയങ്ങൾ തീർത്ത് ബാലനാടകോത്സവം സമാപിച്ചു

Drama Festival

കൊച്ചുനാരായണപിള്ള കുട്ടികളുടെ നാടകോത്സവത്തിൽ നിന്ന് 

avatar
സഫറുള്ള പാലപ്പെട്ടി

Published on Feb 06, 2025, 04:33 PM | 2 min read

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസം നീണ്ടുനിന്ന കൊച്ചുനാരായണപിള്ള കുട്ടികളുടെ നാടകോത്സവം വൈവിധ്യമാർന്ന കാഴ്ചകൾ സമ്മാനിച്ചുകൊണ്ട് സമാപിച്ചു.
നാടകോത്സവത്തിന്റെ മുന്നോടിയായി ബാലവേദി പ്രസിഡണ്ട് മനസ്വിനി വിനോഡിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ 13-മത് ഭരത് മുരളി നാടകോത്സവത്തിലെ മികച്ച ബാലതാരം സാക്ഷിത സന്തോഷ് ബാലനാടകോത്സവം ഉദ്ഘാടനം ചെയ്തു.


കേരള സോഷ്യൽ സെന്റർ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ കൊച്ചുനാരായണ പിള്ളയെ അനുസ്മരിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ബാലവേദി രക്ഷാധികാരി ആർ ശങ്കർ എന്നിവർ ആശംസകൾ നേർന്നു.


തിരുവനന്തപുരത്തു വെഞ്ഞാറമൂടിനടുത്തുള്ള ആലന്തറയിലെ 'രംഗ പ്രഭാത്' എന്ന കുട്ടികളുടെ നാടകവേദിയുടെ സ്ഥാപകനും കുട്ടികളുടെ നാടകരംഗത്തെ ആചാര്യനുമായ മടവൂർ കെ കൊച്ചുനാരായണപിള്ളയുടെ സ്മരണാർത്ഥമാണ് കുട്ടികളുടെ നാടകോത്സവം സംഘടിപ്പിച്ചുവരുന്നത്.


യൂനിക്വൽ ബ്രയിൻസിലെ പ്രത്യേക ശേഷിയുള്ള കുട്ടികൾ അവതരിപ്പിച്ച നൃത്ത അവതരണങ്ങൾ സദസ്സിനു പുത്തൻ അനുഭവമായി.
ഗോപി കുറ്റിക്കോൽ രചിച്ച ശക്തി തീയേറ്റേഴ്സ് നാദിസിയ മേഖലയുടെ 'ജംബൂകവടം' (സംവിധാനം: ജയേഷ് നിലമ്പൂർ), എ ശാന്തകുമാർ രചിച്ച അബുദാബി മലയാളി സമാജം ബാലവേദിയുടെ 'മഴയും വെയിലും' (സംവി. വൈശാഖ് അന്തിക്കാട്), 'ലക്കി ഫ്രണ്ട്സ്' (സംവി. സിറാജുദീൻ സിറു, സുധീർ) ശക്തി തീയേറ്റേഴ്സ് സനയ മേഖല, യുവകലാസാഹിതിയുടെ 'തീൻ മേശയിലെ ദുരന്തം' (സംവി. സിർജാൻ), ശ്രീഷ്മ അനീഷ് രചിച്ച കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ 'ഇമ്മിണി വലിയ ചങ്ങായിമാർ'  (അൻവർ ബാബു, ശ്രീഷ്മ അനീഷ്), ശിവദാസ് പോയിൻകാവ് രചിച്ച ശക്തി തീയേറ്റേഴ്സ് നിദിസിയ മേഖലയുടെ 'കാഞ്ചനമാല' (സംവി. ശ്രീബാബു പിലിക്കോട്), റഫീഖ് മംഗലശ്ശേരി രചിച്ച ശക്തി തിയറ്റേഴ്‌സ് ഖാലിദിയ മേഖലയുടെ 'കോട്ടേം കരിം' (സംവി. പ്രകാശ് തച്ചങ്ങാട്) എന്നീ നാടകങ്ങളായിരുന്നു നാടകോത്സവത്തിൽ അരങ്ങേറിയത്.


കെ എസ് സി ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനത്തിൽ നാടക പ്രവർത്തകരായ ഒ ടി ഷാജഹാനും സുഭാഷ് ദാസും നാടകങ്ങളെ വിലയിരുത്തി സംസാരിച്ചു. സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി ആശംസകൾ നേർന്നു സംസാരിച്ചു.


നാടകോത്സവത്തിൽ പങ്കെടുത്ത എല്ലാ ബാലതാരങ്ങൾക്കുമുള്ള പങ്കാളിത്ത സർട്ടീഫിക്കറ്റുകളും, കലാപരിപാടികൾ അവതരിപ്പിച്ച യൂനിക്വൽ ബ്രയിൻസിലെ പ്രത്യേക ശേഷിയുള്ള കുട്ടികൾക്കുള്ള പ്രശസ്തി പത്രങ്ങളും വിതരണം ചെയ്തു. ബാലവേദി സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതവും  വൈസ് പ്രസിഡന്റ് നീരജ് വിനോദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home