ഒമാനിൽ ഇന്ന് മുതൽ വെദ്യുതി നിരക്കുകളിൽ മാറ്റം

മസ്‌കത്ത് > ഒമാനിൽ ഇന്ന് മുതൽ വെദ്യുതി നിരക്കുകളിൽ മാറ്റം. ഗാർഹിക, വൻകിട-ഗാർഹിതേര ഉപഭോക്താക്കൾക്ക് ബാധകമായ പുതുക്കിയ വൈദ്യുതി താരിഫുകളും, കണക്ഷൻ, വിതരണ ഫീസുകളും പൊതു സേവന നിയന്ത്രണ അതോറിറ്റി (എപിഎസ്ആർ) പ്രസിദ്ധീകരിച്ചു. അതോറിറ്റി ചെയർമാനും, ഊർജ്ജ വകുപ്പ് മന്ത്രിയുമായ സലിം ബിൻ നാസർ അൽ ഔഫിയുടെ അംഗീകാരത്തിന് ശേഷമാണ് പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുതിയ നിരക്കുകൾ നിലവിലുള്ളവയുമായി ഒത്തുപോകുന്നതാണെന്നും, ഉപഭോക്താക്കൾക്കും, വിതരണക്കാർക്കും വ്യക്തത വരുത്തുന്നതിനും നിയമപരമായ സാധുത നൽകുന്നതിനും വേണ്ടിയാണ് ഇവ പ്രസിദ്ധീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വാർഷിക ഉപഭോഗം 100 മെഗാ വാട്ടിൽ കൂടുതലുള്ള ഗാർഹികേതര ഉപഭോക്താക്കളുടെ ഉപഭോഗം ക്രമാനുഗതമായി വിലയിരുത്തികൊണ്ടാകും താരിഫ് നിർണ്ണയിക്കുകയെന്നും കുറിപ്പിൽ പറയുന്നു.
പ്രാഥമിക തലത്തിലുള്ള ഗാർഹിക നിരക്കുകൾ ഇപ്രകാരമാണ്. 4000 കിലോവാട്ട് വരെ 14 ബൈസാ നിരക്കിലും, 4001 മുതൽ 6000 വരെ 18 ബൈസാ നിരക്കിലും, 6000 ത്തിന് മുകളിൽ 32 ബൈസാ നിരക്കിലുമാണ് ഈടാക്കുന്നത്. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർക്ക്, ഓരോ പുതിയ അക്കൗണ്ടിലും, 4000 കിലോവാട്ട് വരെ 22 ബൈസാ നിരക്കിലും, 4001 മുതൽ 6000 വരെ 26 ബൈസാ നിരക്കിലും, 6000 ത്തിന് മുകളിൽ 32 ബൈസാ നിരക്കിലുമാണ് ഈടാക്കുക. ഗാർഹികേതര ഉപഭോക്താക്കളിൽ നിന്ന് ഉപഭോഗത്തിന്റെ വിവിധ തട്ടുകൾ പരിഗണിക്കാതെ 25 ബൈസ വച്ച് ഒരേ നിരക്കിലാണ് ഈടാക്കാൻ ഉദ്ദേശിക്കുന്നത്. കാർഷിക-മൽസ്യബന്ധന മേഖലകൾക്ക് 3000 കിലോവാട്ട് വരെ 12 ബൈസാ നിരക്കിലും, 3001 മുതൽ 6000 വരെ 16 ബൈസാ നിരക്കിലും, 6000 ത്തിന് മുകളിൽ 24 ബൈസാ നിരക്കിലുമാണ് ഈടാക്കുന്നത്.
വാർഷിക ഉപഭോഗം കണക്കിലെടുത്ത് വാർഷികമായി പുനർനിശ്ചയിക്കപ്പെടുന്ന നിരക്ക്, വേനൽ-തണുപ്പ് കാലങ്ങൾക്ക് അനുസരിച്ചുള്ള സ്ഥിരമായ നിരക്ക്, സ്ഥിരമായ വാർഷിക നിരക്ക് എന്നിങ്ങനെ ഉപഭോക്താക്കൾക്കായി മൂന്നു വ്യത്യസ്ത തരം ബില്ലിംഗ് ഓപ്‌ഷനുകൾ അതോറിറ്റി മുന്നോട്ടു വയ്ക്കുന്നു. സർക്കാർ, വാണിജ്യ, വ്യവസായ, വിനോദസഞ്ചാര മേഖലകളുമായി ബന്ധപ്പെട്ടുള്ള വൈദ്യുതി ഉപഭോഗമെല്ലാം തന്നെ ഗാർഹികേതരമായി കാണാക്കപ്പെടുമെന്നും, അവയുടെ നിർവ്വഹണം ഗാർഹികമെന്ന് അടയാളപ്പെടുത്തപ്പെട്ട സ്ഥലങ്ങളിൽ ആണെങ്കിൽക്കൂടി ആ പരിഗണന ഉണ്ടാവില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ഓരോ വർഷവും ഡിസംബർ അവസാനം അടുത്ത വർഷത്തേക്കുള്ള താരിഫ് നിരക്കുകളുടെ വിശദമായ റിപ്പോർട്ട് അതോറിറ്റി പ്രസിദ്ധീകരിക്കുമെന്നും കുറിപ്പിൽ പറയുന്നു.









0 comments