യുകെയിലും വള്ളംകളി ആരവം

റോതെർഹാം: യുകെ മലയാളികളെ ആവേശത്തിലാക്കി യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി മത്സരം. ഓണത്തോടനുബന്ധിച്ച് റോതെർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കുന്ന യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരത്തിന്റെ ഏഴാം പതിപ്പിൽ കൊമ്പൻസ് ബോട്ട് ക്ലെബ്ബ് ബോൾട്ടൺ ചാമ്പ്യന്മാരായി. 31 ജലരാജാക്കന്മാർ മത്സരത്തിൽ മാറ്റുരച്ചത്.
എസ്എംഎ ബോട്ട് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. ലിവർപൂളിന്റെ ജവഹർ ബോട്ട് ക്ലബ്ബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം സ്ഥാനത്ത് സെവൻ സ്റ്റാഴ്‌സ് കൊവെൻട്രിയും അഞ്ചും ആറും സ്ഥാനങ്ങൾ യഥാക്രമം എൻഎംസിഎ ബോട്ട് ക്ലെബ്ബും ബിഎംഎ ബോട്ട് ക്ലെബ്ബും കരസ്ഥമാക്കി. വനിതകളുടെ പ്രദർശന മത്സരത്തിൽ ലിവർപൂൾ ലിമ ഒന്നാമതെത്തി. റോയൽ 20 ബിർമിങ്‌ഹാം രണ്ടാം സ്ഥാനവും സാൽഫോർഡിന്റെ എസ്എംഎ റോയൽസ് മൂന്നാം സ്ഥാനവും ഗ്രിംസ്ബി തീപ്പൊരികൾ നാലാം സ്ഥാനവും നേടി. പതിനൊന്ന് ടീമുകൾ മാറ്റുരച്ച വനിതകളുടെ മത്സരവും ആവേശം നിറഞ്ഞതായിരുന്നു.
ഏഴായിരത്തോളം കാണികൾ ഒഴുകിയെത്തിയ വള്ളംകളിക്ക് ഇക്കുറിയും വൻ വരവേൽപ്പാണ് യുകെ മലയാളികൾ ഒരുക്കിയത്. ഇത്തരം ഒത്തുകൂടലുകളും മത്സരങ്ങളും ഗ്രഹാതുരത്വം ഉണർത്തുന്നതാണെന്നും നാടിന്റെ ആഘോഷങ്ങളുടെ വേദിയാണ് യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരമെന്നും യുകെ മലയാളിയായ ജോബിൻ പുള്ളിക്കാട്ടിൽ പറഞ്ഞു.









0 comments