കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ‘ഭാരത് മേള’ ഫെബ്രുവരി 15ന്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ‘ഭാരത് മേള’ ഫെബ്രുവരി 15ന് ശനിയാഴ്ച സാൽമിയയിലെ ബൊളിവാർഡ് പാർക്കിൽ (ക്രിക്കറ്റ് സ്റ്റേഡിയം) നടത്തും. രാവിലെ 11 മുതൽ രാത്രി 9 വരെ നടക്കുന്ന പരിപാടിയിൽ പരമ്പരാഗത ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, കലാരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. എല്ലാ ഇന്ത്യക്കാരെയും രാജ്യത്തിന്റെ സുഹൃത്തുക്കളായ മറ്റു രാജ്യക്കാരെയും ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു..
ഇന്ത്യൻ സമൂഹത്തിനായുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ‘പ്രൊമോഷൻ ഓഫ് കൾച്ചറൽ ടൈസ് വിത്ത് ഡയസ്‌പോറ’ എന്ന പദ്ധതിക്ക് കീഴിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകൾ, കലാകാരന്മാർ, വ്യവസായികൾ, സാംസ്കാരിക സംഘടനകൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യൻ പാരമ്പര്യത്തിന്റെ സമ്പന്നതയും വൈവിധ്യവും പ്രദർശിപ്പിക്കുകയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും മറ്റ് രാജ്യക്കാർക്കും ഇടയിൽ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.എംബസിയുടെ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം.









0 comments