മലയാളം മിഷൻ അബുദാബി: അധ്യാപകപരിശീലനവും പഠനോത്സവവും പ്രവേശനോത്സവവും 13 മുതൽ

Malayalam Mission
വെബ് ഡെസ്ക്

Published on Jun 11, 2025, 03:35 PM | 1 min read

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ വൈവിധ്യമാർന്ന പരിപാടികളോടെ പഠനോത്സവവും അധ്യാപക പരിശീലനവും പ്രവേശനോത്സവവും സംഘടിപ്പിക്കുന്നു. അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, അബുദാബി സിറ്റി, ഷാബിയ, അൽ ദഫ്‌റ എന്നീ മേഖലകളിലെ പഠനകേന്ദ്രങ്ങൾ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.


മലയാളം മിഷൻ പാഠ്യപദ്ധതികളായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പഠനോത്സവം ജൂൺ 13, വെള്ളിയാഴ്ച വൈകീട്ട് 6 ന് കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, ബദാസായിദ് അസ്പിര ഇൻസ്റ്റിട്യൂട്ട് എന്നീ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. അബുദാബി ചാപ്റ്ററിനു കീഴിൽ നടക്കുന്ന ഏഴാമത് പഠനോത്സവമാണിത്. 209 വിദ്യാർഥികൾ പങ്കെടുക്കും. അധ്യാപക പരിശീലനം ജൂൺ 14, 15 തിയ്യതികളിലായി രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കേരള സോഷ്യൽ സോഷ്യൽ സെന്ററിൽ നടക്കും. രജിസ്‌ട്രേഷൻ 9 .30 മുതൽ ആരംഭിക്കും. അധ്യാപക പരിശീലനത്തിന് മലയാള ഭാഷാ വിദഗ്ധസമിതി അംഗം റാണി പി. കെ നേതൃത്വം നൽകും.


അബുദാബി ചാപ്റ്ററിനു കീഴിലെ വിവിധ മേഖലകളിൽ പുതുതായി പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർഥികൾക്കായി ആരംഭിക്കുന്ന പഠന കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനോത്സവം ജൂൺ 15 ഞായറാഴ്ച വൈകീട്ട് 7 ന് അബുദാബി കേരള സോഷ്യൽ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കും. അബുദാബിയിലെ ഗവൺമെന്റ് അംഗീകൃത സാംസ്കാരിക സംഘടനാപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.

പ്രവേശനോത്സവത്തോടനുബന്ധിച്ച് മലയാളം മിഷൻ അധ്യാപകരും സീനിയർ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.


സൗജന്യമായി മലയാള ഭാഷ പഠിപ്പിക്കുവാൻ താത്പര്യമുള്ളവരും മലയാളം പഠനക്ളാസിൽ ക്ലാസിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നവരും 050 6112652 /050 7890398 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം



deshabhimani section

Related News

View More
0 comments
Sort by

Home