ഒരു ദിവസം പ്രായമായ കുഞ്ഞിനെയും നഴ്‌സറയിൽ ചേർക്കാം

അബുദാബി: ജനിച്ചു ഒരു ദിവസം പ്രായമായ കുഞ്ഞിനെയും നഴ്‌സറിയിൽ ചേർക്കാൻ അനുമതി നൽകുന്ന നിയമവുമായി അബുദാബി. അടുത്ത അധ്യയന വർഷം മുതൽ ഈ പുതിയ തീരുമാനം നടപ്പിൽ വരുമെന്നും അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചു. പശ്ചാത്തലമോ പ്രായമോ പരിഗണിനകളില്ലാതെ എല്ലാ കുട്ടികൾക്കും ആവശ്യമായ അടിസ്ഥാന പഠന അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതരുടെ ഭാഷ്യം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സ്ഥാപനത്തിൻ്റെ പ്രവേശന ശേഷി എത്തുന്നതുവരെ നഴ്സറികൾക്ക് അവരുടെ കുട്ടികളെ ചേർക്കുന്നതിനുള്ള അപേക്ഷ നിരസിക്കാൻ കഴിയില്ല.
ഗുണനിലവാരമുള്ള പ്രാരംഭ വിദ്യാഭ്യാസത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനാണ് ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. നഴ്‌സറി പ്രവേശന പ്രക്രിയയിൽ ഒരു കുട്ടിയും വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിൻ്റെ കൂടി ഭാഗമായാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. ഓരോ കുട്ടിക്കും വിജയിക്കാൻ തുല്യ അവസരം നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യം പുതിയ നയം ഊന്നിപ്പറയുന്നു. ഇതുപ്രകാരം നഴ്സറികൾ നീതിക്കും സുതാര്യതയ്ക്കും മുൻഗണന നൽകും. വാക്‌സിനേഷൻ രേഖകളുടെ അഭാവം കാരണം ഒരു കുട്ടിയെയും നിരസിക്കാൻ നഴ്‌സറികൾക്ക് അവകാശമില്ല. അതേസമയം, കുട്ടിയെ ചേർത്ത വർഷം അവസാനിക്കുന്നതിന് മുമ്പ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രക്ഷിതാക്കൾ സമർപ്പിക്കണം.
കുട്ടികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത വിവിധ പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്ന 200-ലധികം സ്വകാര്യ നഴ്‌സറികളാണ് അബുദാബിയിലുള്ളത്. പബ്ലിക് നഴ്‌സറീസ് പ്രോജക്ടിൻ്റെ ഭാഗമായി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10 പുതിയ പൊതു നഴ്‌സറികൾ കൂടി അബൂദാബിയിൽ തുറക്കും. 4,000-ത്തിലധികം കുട്ടികൾക്ക് ഇതുവഴി പ്രവേശനം ലഭിക്കും. അടുത്ത ദശകത്തിൻ്റെ അവസാനത്തോടെ, 32,000-ത്തിലധികം കുട്ടികൾക്ക് അവസരം ലഭിക്കും. പ്രാരംഭ വിദ്യാഭ്യാസ സേവനങ്ങളുടെ വിപുലീകരണം മാതാപിതാക്കളെ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ സഹായിക്കുമെന്നും സ്വദേശി അധ്യാപകർക്ക് കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.








0 comments