യാചന വിരുദ്ധ കാമ്പയിനിന്‍റെ ഭാഗമായി ദുബായിയിൽ 9 യാചകർ പിടിയിൽ

ദുബായ്: ഭിക്ഷാടനത്തിനെതിരായ കാമ്പയിനിന്‍റെ ഭാഗമായി ദുബായ് പൊലീസ് നടത്തിയ പരിശോധനയിൽ റമദാനിന്‍റെ ആദ്യ ദിനത്തിൽ പിടിയിലായത് ഒമ്പത് യാചകർ. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമാണ് പിടിയിലായത്. യുഎഇയിൽ ഭിക്ഷാടനം നടത്തുന്നത് നിയമപരമായി കുറ്റകരമായ പ്രവൃത്തിയാണ്. പിടിക്കപ്പെട്ടാൽ 5,000 ദിർഹം പിഴയും മൂന്നു മാസത്തെ തടവുമാണ് ശിക്ഷ.
കാമ്പയിൻ വിജയകരമായി മുന്നോട്ടുപോകുന്നതായി ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലിം അൽ ഷംസി പറഞ്ഞു. യാചനക്കെതിരായ പോരാട്ടം ശക്തമാക്കി എമിറേറ്റിന്‍റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതുമൂലം ഓരോ വർഷവും എമിറേറ്റിൽ ഭിക്ഷാടകരുടെ എണ്ണം കുറഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭിക്ഷാടനം സംഘടിപ്പിക്കുന്നതും രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷാടകരെ എത്തിക്കുന്നതും ആറുമാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഇത് കൂടാതെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നവർക്ക് അഞ്ചു ലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു. റമദാനിൽ വിശ്വാസികളുടെ അനുകമ്പ ഭിക്ഷാടകർ മുതലെടുക്കുന്നതായും അതിന് അനുവദിക്കരുതെന്നും പൊലീസ് നിർദേശിച്ചു. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 901 അടിയന്തര സഹായ നമ്പറിലോ പൊലീസ് ഐയിലോ ഇ-ക്രൈം പ്ലാറ്റ്ഫോമിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.








0 comments