വീണ്ടും പൂജാര

സിഡ‌്നി
സിഡ‌്നിയിൽ ചേതേശ്വർ പൂജാരയുടെ പുതുവർഷ ആഘോഷം. കിടയറ്റ സെഞ്ചുറിയുമായി കളംപിടിച്ച പൂജാരയുടെ മികവിൽ നാലാം ടെസ‌്റ്റിൽ ഓസ‌്ട്രേലിയക്കെതിരെ ഇന്ത്യ ഉശിരൻ തുടക്കം കുറിച്ചു. ഒന്നാംദിനം നാല‌് വിക്കറ്റ‌് നഷ്ടത്തിൽ 303 റണ്ണാണ‌് ഇന്ത്യ അടിച്ചുകൂട്ടിയത‌്. 130 റണ്ണുമായി പൂജാര ക്രീസിലുണ്ട‌്. പരമ്പരയിൽ പൂജാരയുടെ മൂന്നാം സെഞ്ചുറിയാണ‌്. 39 റണ്ണോടെ ഹനുമ വിഹാരിയാണ‌് കൂട്ട‌്. മായങ്ക‌് അഗർവാൾ 77 റണ്ണെടുത്തു.
സിഡ‌്നിയിൽ നാണയഭാഗ്യം വിരാട‌് കോഹ‌്‌ലിക്കായിരുന്നു. ബാറ്റിങ‌് തെരഞ്ഞെടുത്തു കോഹ‌്‌ലി. തുടക്കം പതറി. ഒരു മത്സരത്തിന്റെ ഇടവേളയ‌്ക്കുശേഷം തിരിച്ചെത്തിയ ലോകേഷ‌് രാഹുൽ വേഗത്തിൽ കൂടാരം കയറി. ഒമ്പത‌് റണ്ണെടുത്ത രാഹുലിനെ ജോഷ‌് ഹാസെൽവുഡ‌് പുറത്താക്കി.
രണ്ടാം ഓവറിൽ പൂജാര ക്രീസിൽ. മിനുക്കം മാറാത്ത പന്തിനെ പൂജാര മെരുക്കിയെടുത്തു. മായങ്ക‌് സാഹസത്തിനു മുതിർന്നപ്പോൾ പ്രതിരോധംകൊണ്ട‌് പൂജാര ഓസീസ‌് ബൗളർമാരെ അസ്വസ്ഥരാക്കി. ഒരു അവസരംപോലും പൂജാര ഓസീസ‌് ബൗളർമാർക്ക‌് നൽകിയില്ല. പേസർമാരെയും സ‌്പിന്നർമാരെയും ഒരുപോലെ കൈകാര്യം ചെയ‌്തു. ഒടുവിൽ മിച്ചെൽ സ‌്റ്റാർക്കിനെ ഫൈൻ ലെഗിലേക്ക‌് ബൗണ്ടറി പായിച്ച‌് പൂജാര ടെസ‌്റ്റ‌് ക്രിക്കറ്റിലെ 18–-ാം സെഞ്ചുറി തികച്ചു.
ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിയും (23) വൈസ‌് ക്യാപ‌്റ്റൻ അജിൻക്യ രഹാനെയും (18) പെട്ടെന്ന‌് മടങ്ങിയതിന്റെ ക്ഷീണമൊന്നും അറിയിക്കാതെ പൂജാര തുടർന്നു. 250 പന്ത‌് നേരിട്ട ഈ വലംകൈയന്റെ ഇന്നിങ‌്സിൽ 16 ബൗണ്ടറികൾ ഉൾപ്പെട്ടു.
അരങ്ങേറ്റത്തിൽ മിന്നിയ മായങ്ക‌് സിഡ‌്നിയിലും മികവ‌് തുടർന്നു. ഇന്നിങ‌്സിന്റെ തുടക്കത്തിൽ ഓസീസ‌് പേസർമാരുടെ ഷോർട്ട‌് പിച്ച‌് പന്തുകൾ മായങ്കിനെ പരീക്ഷിച്ചു. ഒരു തവണ സ‌്റ്റാർക്കിന്റെ ബൗൺസർ ഹെൽമെറ്റിൽ ഇടിച്ചു. ധൈര്യപൂർവം ഈ ഇരുപത്തേഴുകാരൻ ബാറ്റ‌് വീശി. നതാൻ ല്യോണിനെ രണ്ട‌് തവണ സിക‌്സർ പറത്തി. അനാവാശ്യ ഷോട്ടിന‌് ശ്രമിച്ച‌് ല്യോണിന്റെ പന്തിൽത്തന്നെ മായങ്ക‌് മടങ്ങി. പൂജാരയുമായി ചേർന്ന‌് രണ്ടാം വിക്കറ്റിൽ 116 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.
നല്ല തുടക്കം കിട്ടിയ കോഹ‌്‌ലിയും അനാവശ്യ ഷോട്ടിന‌് ശ്രമിച്ചാണ‌് പുറത്തായത‌്. ഹാസെൽവുഡ‌് പുറത്താക്കി. രഹാനെ സ‌്റ്റാർക്കിന്റെ ഒന്നാന്തരം പന്തിൽ പുറത്താകുകയായിരുന്നു.
മെൽബൺ ടെസ‌്റ്റിൽ ഓപ്പണറായി പരീക്ഷിക്കപ്പെട്ട വിഹാരി ആറാം നമ്പറിൽ തിരിച്ചെത്തിയപ്പോൾ മിടുക്കുകാട്ടി. 58 പന്തിലാണ‌് വിഹാരി 39 റണ്ണെടുത്തത‌്. അഞ്ചാം വിക്കറ്റിൽ പൂജാരയുമായി ചേർന്ന‌് 75 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. അഞ്ച‌് ബൗണ്ടറികൾ വിഹാരി പായിച്ചു.രണ്ട‌് സ‌്പിന്നർമാരെ ഉൾപ്പെടുത്തിയാണ‌് ഇന്ത്യ സിഡ‌്നിയിൽ ഇറങ്ങിയത‌്. രവീന്ദ്ര ജഡേജയ‌്ക്കൊപ്പം കുൽദീപ‌് യാദവും ഇടംനേടി. പേസർമാരായി ജസ‌്പ്രീത‌് ബുമ്രയും മുഹമ്മദ‌് ഷമിയും മാത്രമേയുള്ളു.
ഓസീസ‌് നിരയിൽ ആരോൺ ഫിഞ്ചിന‌് സ്ഥാനം നഷ്ടമായി. പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌് ഫിഞ്ചിന‌് പകരമെത്തി. ഓൾ റൗണ്ടർ മിച്ചെൽ മാർഷിന‌് പകരം മാർണസ‌് ലബുഷെയ‌്നും ടീമിലെത്തി.









0 comments