കല കുവൈറ്റ് ഫഹാഹീല്‍ മേഖലാസമ്മേളനം

കുവൈറ്റ് സിറ്റി > വനിതാമതിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല കുവൈറ്റ് ഫഹാഹീല്‍ മേഖലാ സമ്മേളനം. സ്ത്രീ സമത്വം എന്നത് ഈ കാലത്തും പല രംഗങ്ങളിലും അപ്രാപ്യമായ ഒന്നാണെന്നും, നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളാല്‍ വിമോചനപ്രസ്ഥാനങ്ങള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ പിറകോട്ടടിപ്പിക്കാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ വനിതാമതിലിനു എല്ലാവിധ പിന്തുണയും ഐക്യദാര്‍ഡ്യവും പ്രഖ്യാപിക്കുന്നുവെന്ന് കല കുവൈറ്റ് ഫഹാഹീല്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. അഭിമന്യു നഗറില്‍ (മംഗഫ് അല്‍ നജാത്ത് സ്‌കൂല്‍) ചേര്‍ന്ന സമ്മേളനം കല കുവൈറ്റ് മുന്‍ ഭാരവാഹിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രവര്‍ത്തകരുടെ സ്വാഗതഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിനു സ്വാഗതസംഘം ചെയര്‍മാന്‍ ജിജോ ഡൊമിനിക് സ്വാഗതം പറഞ്ഞു. അനൂപ് മാങ്ങാട്ട്, സുഗതകുമാര്‍, ഗീതാസുദര്‍ശന്‍ തുടങ്ങിയവര്‍ അടങ്ങുന്ന പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ മേഖലാ സെക്രട്ടറി രവീന്ദ്രന്‍പിള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡണ്ട് ആര്‍ നാഗനാഥന്‍ സംഘടനാറിപ്പോട്ടും, ട്രഷറര്‍ രമേഷ് കണ്ണപുരം സാമ്പത്തിക റിപ്പോട്ടിന്റെ സംഗ്രഹവും അവതരിപ്പിച്ചു. 260 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുത്തത്.
ചര്‍ച്ചകള്‍ക്ക് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും, മേഖലാ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയും മറുപടി പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തന വര്‍ഷത്തേക്ക് 15 അംഗ മേഖലാ എക്‌സിക്യൂട്ടിവിനെ സമ്മേളനം തെരെഞ്ഞെടുത്തു. തുടര്‍ന്ന് ആദ്യ മേഖലാകമ്മറ്റി യോഗം ചേര്‍ന്ന് മേഖലാ പ്രസിഡന്റായി സജീവ് എബ്രഹാമിനേയും മേഖലാ സെക്രട്ടറിയായി ഷാജു.വി.ഹനീഫിനേയും തെരെഞ്ഞെടുത്തു. ജനുവരി 18 നു നടക്കുന്ന കേന്ദ്രസമ്മേളനത്തിനുള്ള 130 പ്രതിനിധികളുടെ പാനല്‍ കേന്ദ്ര വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരന്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ ജാത്യാധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കുക എംബസ്സി ലീഗല്‍ ക്ലിനിക് പുനരാരംഭിക്കുക, സര്‍ഫാസി നിയമം പിന്‍ വലിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. കല കുവൈറ്റ് ജോയന്റ് സെക്രട്ടറി മുസഫിര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ബിജോയ്, തോമസ്, രേവതി(രജിസ്‌ട്രേഷന്‍), ഗോപാലകൃഷ്ണന്‍, ശ്രീജിത്ത്, ഷാജുഹനീഫ്(പ്രമേയം) ബിജുമത്തായി, ദേവി, ജയകുമാര്‍(മിനുറ്റ്‌സ്) കവിത അനൂപ്, ലിപിപ്രസീത്, പ്രതിഷ്(ക്രഡന്‍ഷ്യല്‍) നോബി ആന്റണി(ഭക്ഷണം), സുനില്‍, സന്തോഷ്(സ്റ്റേജ്) അനീഷ് ഇയ്യാനി (വളണ്ടിയര്‍) തുടങ്ങിയ കമ്മറ്റികള്‍ സമ്മേളനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. പ്രശാന്തി ബിജോയ് അനുശോചന റിപ്പോട്ടും, കവിതാ അനൂപ് ക്രഡന്‍ഷ്യല്‍ റിപ്പോട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കല കുവൈറ്റ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ പെണ്ണൊച്ചകള്‍ എന്ന കാവ്യശില്‍പ്പവും അതോടനുബന്ധിച്ച് ഒരുക്കിയ പ്രതീകാത്മക വനിതാമതിലും ശ്രദ്ധേയമായി. ഗ്രീന്‍ പ്രോട്ടോക്കോള്‍ന്റെ ഭാഗമായി കവുങ്ങിന്‍പാളകൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍ സമ്മേളനത്തിനായി ഉപയോഗിച്ചത് ശ്രദ്ധേയമായിരുന്നു. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മേഖലാസെക്രട്ടറി ഷാജു.വി.ഹനീഫ് സമ്മേളനത്തിനു നന്ദി പറഞ്ഞു.









0 comments