വനിതാമതില്‍: ഐക്യദാര്‍ഢ്യവുമായി അബുദാബി വനിതകള്‍; പ്രതീകാത്മക വനിതാമതില്‍ പടുത്തുയര്‍ത്തും

അബുദാബി > 'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക' എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതുവത്സരദിനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പടുത്തുയര്‍ത്തുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി അബുദാബിയിലെ പ്രവാസി വനിതകള്‍. മതിലിന് പിന്തുണ പ്രഖ്യാപിച്ച് ജനുവരി ഒന്നിന് വൈകിട്ട് 7 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നൂറുകണക്കിനു വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതീകാത്മക വനിതാമതില്‍ പടുത്തുയര്‍ത്തും.
പ്രതീകാത്മക വനിതാമതില്‍ വിജയിപ്പിക്കുന്നതിനായി വിപുലമായ കണ്‍വെന്‍ഷന്‍ കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്തു. വിവിധ സംഘടനകളുടെ വനിതാ പ്രതിനിധികളും കുടുംബിനികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ ലോക കേരള സഭ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം കെ ബി മുരളി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഉറപ്പുവരുത്തുന്നതിനും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി പടുത്തുയര്‍ത്തുന്ന വനിതാമതില്‍ ലോകമെന്നും സ്മരിക്കപ്പെടാവുന്ന ചരിത്ര സംഭവമായി മാറുമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അഭിപ്രായപ്പെട്ടു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അനിതാ റഫീഖ് (ശക്തി തിയറ്റേഴ്‌സ്), റൂഷ് മെഹര്‍ (യുവാലാ സാഹിതി), സ്മിത ധനേഷ് (ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്), പി എസ് ബിജിത് കുമാര്‍, കെ വി ബഷീര്‍, സഫറുള്ള പാലപ്പെട്ടി, കണ്ണന്‍ ദാസ,് ഷെമീന ഒമര്‍, ബിന്ദു ഷോബി, ഈദ് കമല്‍, ഷിജിന കണ്ണന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
വനിതാ മതില്‍ വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘത്തിന് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. പ്രതീകാത്മക വനിതാമതിലിനോടനുബന്ധിച്ച് വനിതാ പ്രവര്‍ത്തകര്‍ ചിട്ടപ്പെടുത്തിയ നിരവധി കലാപരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗം ആക്ടിംഗ് കണ്‍വീനര്‍ ഷൈനി ബാലചന്ദ്രന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഷല്‍മ സുരേഷ് നന്ദിയും പറഞ്ഞു.









0 comments