അഗർവാളിന് അർധസെഞ്ചുറി, ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം; ടോസിൽ താരമായി കുഞ്ഞുഷില്ലർ

മെല്‍ബണ്‍ > ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഓപ്പണര്‍ മയങ്ക് അഗര്‍വാൾ അര്‍ധസെഞ്ച്വറിയോടെ തുടക്കമിട്ടപ്പോൾ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 55 ഓവറിൽ രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ 123 റൺ എന്ന നിലയിലാണ്. 161 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 76 റണ്ണെടുത്താണ് മയാങ്ക് അഗർവാൾ പുറത്തായത്. 102 പന്തിൽ 33 റണ്ണുമായി ചെതേശ്വർ പുജാരയും വിരാട് കോഹ്‌ലി(2)യുമാണ് ക്രീസിൽ. ഓപ്പണർ ഹനുമ വിഹാരി(8)യുടെ വിക്കറ്റ് തുടക്കത്തിലേ നഷ്‌ടമായിരുന്നു.
ഓപ്പണർമാരായ ലോകേഷ് രാഹുലും മുരളി വിജയും നിരന്തരം പരാജയപ്പെടുന്നതിനെ തുടർന്നാണ് ഇരുവരെയും പുറത്തിരുത്തി ഹനുമ വിഹാരിയെയും മയങ്ക് അഗർവാളിനെയും കളിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ആദ്യ അര്‍ധ സെഞ്ചുറി കൂടിയാണ് അഗർവാൾ നേടിയത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മയാങ്ക്.
ക്രിസ്‌മസിന് അടുത്ത ദിവസം മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ മികച്ച റെക്കോഡാണ് ഓസീസിന്. ആതിഥേയർ കരുത്തുകാട്ടുന്ന ചരിത്രമാണ് ബോക്‌സിങ് ഡേ ടെസ്റ്റുകൾക്ക് പറയാനുള്ളത്. ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയിരിക്കെ നാലു മത്സര പരമ്പരയിലെ മൂന്നാം ടെസ്റ്റ് നിർണായകമാണ്.
രാവിലെ ടോസിനായി ഓസീസ് നായകൻ ടിം പെയ്നിനൊപ്പമെത്തിയ ഏഴു വയസുകാരൻ ആര്‍ച്ചി ഷില്ലര്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ‘ഉപനായകനാ’യായിരുന്നു ഷില്ലറുടെ വരവ്. ഹൃദ്രോഗ ബാധിതനായ ഷില്ലറുടെ ക്രിക്കറ്റ് സ്നേഹം അറിഞ്ഞ ഓസീസ് കോച്ച് മാതാപിതാക്കളെ ബന്ധപ്പെടുകയും ടീമിനൊപ്പം കൂട്ടുകയുമായിരുന്നു. സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ കടുത്ത ആരാധകനാണ് ലെഗ് സ്പിന്നര്‍ കൂടിയായ ഷില്ലര്‍.
നേരത്തെ ഓസീസ് ടീമിനൊപ്പം പരിശീലിക്കാനും ഷില്ലര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഇതിനിടെ ഓസീസിനെ നയിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് ഷില്ലർ പറഞ്ഞതും വാർത്തയായി. കുഞ്ഞു ഷില്ലറുടെ ഈ മോഹമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇപ്പോള്‍ സഫലമാക്കിയത്.









0 comments