മാഞ്ചസ്‌റ്റർ സിറ്റിക്കും ചെൽസിക്കും തോൽവി; ലിവർപൂൾ കുതിക്കുന്നു

ലണ്ടൻ > ലിവർപൂളിന‌് ഒന്നാംസ്ഥാനക്കാരായിത്തന്നെ ക്രിസ‌്മസ‌് ആഘോഷിക്കാം. വമ്പന്മാരെ വിറപ്പിച്ചുവന്ന വൂൾവറാംപ‌്ടൺ വാണ്ടറേഴ‌്സിനെ രണ്ട‌് ഗോളിന‌് വീഴ‌്ത്തി ലിവർപൂൾ ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനം നിലനിർത്തി. മാഞ്ചസ‌്റ്റർ സിറ്റിക്ക‌് അടിതെറ്റി. സിറ്റിയെ ക്രിസ‌്റ്റൽ പാലസ‌് വീഴ‌്ത്തി (2–-3). സിറ്റിയേക്കാൾ നാല് പോയിന്റ‌് മുന്നിലെത്തി ലിവർപൂൾ. ലീഗിൽ തോൽവിയറിയാതെ 18 മത്സരം പൂർത്തിയാക്കി. 48 പോയിന്റ‌്. 15 ജയവും മൂന്ന‌് സമനിലയും.മറ്റൊരു മത്സരത്തിൽ അഴ‌്സണൽ ഒന്നിനെതിരെ മൂന്ന‌് ഗോളിന‌് ബേൺലിയെ തോൽപ്പിച്ചു. ചെൽസിയെ ഒരു ഗോളിന‌് ലെസ‌്റ്റർ സിറ്റി മടക്കി.മുഹമ്മദ‌് സലായാണ‌് ലിവർപൂളിന്റെ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആസൂത്രകൻ. ഒരു ഗോൾ നേടിയ സലാ, രണ്ടാമത്തേതിന‌് അവസരവുമൊരുക്കി. വിർജിൽ വാൻഡിക്കാണ‌് രണ്ടാമത്തെ ഗോൾ നേടിയത‌്.
വൂൾവ‌്സ‌് തട്ടകത്തിലായിരുന്നു കളി. കനത്ത മഴയ‌്ക്കിടയിൽ വൂൾവ‌്സ‌് മുന്നേറ്റങ്ങളായിരുന്നു ആദ്യം. എന്നാൽ, പതുക്കെ ലിവർപൂൾ കളംപിടിച്ചു. പിന്നെ കളം നിറഞ്ഞു. ചെൽസിയെ വീഴ‌്ത്തിയ, സിറ്റിയെയും മാഞ്ചസ‌്റ്റർ യുണൈറ്റഡിനെയും സമനിലയിൽ കുരുക്കിയ വൂൾവ‌്സിനെ മനോഹരമായ കളികൊണ്ട‌് ലിവർപൂൾ തളർത്തി. ഇംഗ്ലീഷ‌് ലീഗിൽ കഴിഞ്ഞ ഒമ്പത‌് സീസണിൽ എട്ടിലും ഈ ഘട്ടത്തിൽ മുന്നിൽ നിന്നവരാണ‌് ചാമ്പ്യന്മാരായത‌്.
ആദ്യ 20 മിനിറ്റിൽ സലായുടെ ഗോൾ വിരിഞ്ഞു. ഫാബിന്യോയും സാദിയോ മാനെയും ചേർന്നുള്ള നീക്കമായിരുന്നു ഗോളിലേക്കുള്ള വഴിതുറന്നത‌്. മാനെയിൽനിന്ന‌് പന്തുമായി വലതമൂലയിലേക്കിറങ്ങിയ ഫാബീന്യോ ബോക‌്സിലേക്ക‌് ക്രോസ‌് തൊടുത്തു. നാല‌് വൂൾവ‌്സ‌് പ്രതിരോധക്കാർ മുന്നിൽ നിൽക്കെ സലാ വലംകാൽവച്ചു. കൃത്യമായ വിടവിലൂടെ അകത്തേക്ക‌്. ഗോൾ കീപ്പർ റൂയി പട്രീഷ്യോക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ 32 ഗോളുമായി മിന്നിയ സലായ‌്ക്ക‌് ഇക്കുറി ആദ്യഘട്ടത്തിൽ തിളങ്ങാനായില്ല. എന്നാൽ, അവസാന കളികളിൽ ഉശിരൻ പ്രകടനമാണ‌് ഈ ഈജിപ‌്തുകാരൻ പുറത്തെടുത്തത‌്. സീസണിൽ 11 ഗോളായി സലായ‌്ക്ക‌്.
പിന്നാലെ ജയിംസ‌് മിൽനറും ഗോളിന‌് അടുത്തെത്തി. മിൽനറുടെ ഇടംകാൽ ഷോട്ട‌് പട്രീഷ്യോ പിടിച്ചെടുത്തു. രണ്ടാംഗോളും സലായുടെ മനോഹരനീക്കത്തിൽനിന്നായിരുന്നു. ബോക‌്സിലേക്ക‌് കൃത്യമായി ഉയർത്തിവിട്ട പന്തിൽ വാൻഡിക്ക‌് വൂൾവ‌്സ‌് പ്രതിരോധത്തിന‌് മുന്നിൽവച്ച‌് കാൽനീട്ടി.
ആദ്യനിമിഷങ്ങളിൽ ലിവർപൂളിന്റെ പ്രതിരോധ ആലസ്യം വൂൾവ‌്സിന‌് ചില അവസരങ്ങൾ നൽകി. ആദം ട്രായോറെയുടെ രണ്ട‌് ശ്രമങ്ങൾ നേരിയ വ്യത്യാസത്തിലാണ‌് പുറത്തുപോയത‌്. പിന്നാലെ നാബി കെയ‌്ത്തയുടെ പിഴവ‌് വൂൾവ‌്സിന‌് മറ്റൊരു അവസരമൊരുക്കി. മാറ്റ‌് ദോഹെർട്ടിയുടെ കാലിലേക്ക‌് പന്തടിച്ചുനൽകി. ദോഹെർട്ടിയുടെ അടി ലിവർപൂൾ ഗോൾ കീപ്പർ അല്ലിസൺ തട്ടിയകറ്റി.കടുത്ത മത്സരങ്ങളാണ‌് ഇനി ലിവർപൂളിനെ കാത്തിരിക്കുന്നത‌്. 29ന‌് അഴ‌്സണലുമായിട്ടാണ‌് അടുത്ത മത്സരം. ജനുവരി മൂന്നിന‌് സിറ്റിയെ നേരിടും. സിറ്റിയുടെ തട്ടകത്തിലാണ‌് ഈ കളി.
സ്വന്തം തട്ടകത്തിലാണ‌് സിറ്റി പാലസിന‌് മുന്നിൽ വീണത‌്. ഇകായ‌് ഗുൺഡോവന്റെ ഗോളിൽ മുന്നിലെത്തിയ സിറ്റിയെ ഷ‌്ളുപ്പ‌്, ടൗൺസെൻഡ‌്, മിലിയോയെിവച്ച‌് എന്നിവരുടെ ഗോളുകൾ കൊണ്ട‌് പാലസ‌് ഞെട്ടിച്ചു. അവസാന നിമിഷം കെവിൻ ഡി ബ്രയ‌്ൻ ഒരു ഗോൾ മടക്കിയെങ്കിലും സിറ്റിയുടെ തോൽവി ഒഴിവാക്കാനായില്ല.
ചെൽസിക്കെതിരെ ലെസ‌്റ്ററിനുവേണ്ടി ജാമി വാർഡി ഗോളടിച്ചു. ബേൺലിക്കെതിരെ അഴ‌്സണലിനായി പിയറി എമെറിക‌് ഔബമയങ‌് ഇരട്ടഗോൾ നേടി. അലെക‌്സ‌് ഇവോബി പട്ടിക തികച്ചു. 37 പോയിന്റുമായി അഞ്ചാമതാണ‌് അഴ‌്സണൽ.









0 comments