രഞ‌്ജി ട്രോഫി: കേരളം ജയത്തിലേക്ക‌്

തിരുവനന്തപുരം
ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ രഞ‌്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരെ കേരളം പിടിമുറുക്കി. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ‌്സ‌് തുടങ്ങിയ ഡൽഹി രണ്ടാംനാൾ കളിനിർത്തുമ്പോൾ അഞ്ചിന‌് 41 എന്നനിലയിലാണ‌്. കേരളത്തിന്റെ ഒന്നാം ഇന്നിങ‌്സിന‌് 140 റൺ പിന്നിൽ. കേരളം ഒന്നാം ഇന്നിങ‌്സിൽ ഉയർത്തിയ 320 റൺ പിന്തുടർന്ന ഡൽഹി 139 റണ്ണിന‌് ആദ്യം പുറത്തായി. ജലജ‌് സക‌്സേന ആറുവിക്കറ്റ‌് വീഴ‌്ത്തി. രണ്ടാംഇന്നിങ‌്സിൽ സന്ദീപ‌് വാര്യർ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റ‌് വീഴ‌്ത്തി.
ഏഴിന‌് 291 എന്നനിലയിൽ രണ്ടാംദിനം കളി തുടങ്ങിയ കേരളത്തിന്റെ ഒന്നാം ഇന്നിങ‌്‌സ‌് 320 റണ്ണിന‌് അവസാനിച്ചു. ആറിന‌് 155 റണ്ണെന്ന നിലയിൽ തകർന്ന കേരളത്തെ ഏഴാംവിക്കറ്റിൽ വിനൂപ‌് എസ‌് മനോഹരൻ (77), -ജലജ‌് (68) സഖ്യമാണ‌് കരകയറ്റിയത‌്.
മറുപടിക്കെത്തിയ ഡൽഹിക്ക‌് നാലു റണ്ണിൽ രണ്ട‌് ഓപ്പണർമാരെയും നഷ്ടമായി. അഞ്ചു ഡൽഹി ബാറ്റ‌്സ‌്മാൻമാരാണ‌് പൂജ്യത്തിന‌് പുറത്തായത‌്.
രണ്ടാം ഇന്നിങ‌്സിൽ കേരളത്തിന്റെ പേസാക്രമണത്തിനുമുന്നിൽ ഡൽഹി പതറി. 13 റണ്ണുമായി ധ്രുവും രണ്ടു റണ്ണോടെ അനുജ‌് റാവത്തുമാണ‌് ക്രീസിൽ.









0 comments